Advertisement

ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ രണ്ടരലക്ഷം വീടുകളുടെ പ്രഖ്യാപനം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

January 26, 2021
Google News 2 minutes Read

തെരഞ്ഞെടുപ്പിനു മുന്നോടിയായി ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ രണ്ടരലക്ഷം വീടുകളുടെ പ്രഖ്യാപനം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഗ്രാമതലങ്ങളിലുള്‍പ്പെടെ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സംഘാടക സമിതികള്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ബോര്‍ഡുകളും ബാനറുകളും തയാറാക്കി പ്രദര്‍ശിപ്പിക്കണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ലൈഫ് മിഷനും തുക ചെലവഴിക്കുന്നതിനു യഥേഷ്ടാനുമതി നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സര്‍ക്കുലര്‍ ഇറക്കി.

സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതിയിലെ രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനം നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയായെന്ന പ്രഖ്യാപനം ആഘോഷമായി നടത്താനാണ് തീരുമാനം. ജനുവരി അവസാനം മുഖ്യമന്ത്രിയാണ് ഓണ്‍ലൈന്‍ വഴി പ്രഖ്യാപനം നടത്തുക. ഇതിനൊപ്പം ഗ്രാമ, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തില്‍ ജനപ്രതിനിധികളേയും ഗുണഭോക്താക്കളേയും ഉള്‍പ്പെടുത്തി പരിപാടികള്‍ സംഘടിപ്പിക്കണം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എല്ലാവര്‍ക്കും കാണാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണം.

തദ്ദേശസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഏകോപന ചുമതല ജില്ലാ കളക്ടര്‍ക്കാണ്. തദ്ദേശഭരണ സെക്രട്ടറിമാര്‍ അടിയന്തരമായി കമ്മിറ്റി വിളിച്ച് പ്രത്യേക അജണ്ടയായി ചര്‍ച്ച ചെയ്യണമെന്നും സംഘാടക സമിതി കൂടി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ബോര്‍ഡുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുകയും പരിപാടിയുടെ വിശദമായ നോട്ടീസ് വിതരണം ചെയ്യുകയും വേണം. മാധ്യമങ്ങളിലൂടെ ഇതറിയിക്കാന്‍ പിആര്‍ഡി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ആവശ്യമായ എല്ലാ സാങ്കേതിക സഹായവും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കുമെന്നും ഫണ്ട് യഥേഷ്ടം ഉപയോഗിക്കാമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

Story Highlights – Government to celebrate announcement of 2.5 lakh houses under Life scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here