ട്രാക്ടര്‍ സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷകരുടെ ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് തിരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം പ്രത്യേകം നടത്താനും സംഘടനകളെ സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാനുമാകും കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം എന്ന നിര്‍ദ്ദേശം പുതിയ സാഹചര്യത്തിലും തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി അമിത്ഷാ കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമറുമായും പിയൂഷ് ഗോയലുമായും പുതിയ സാഹചര്യം വിലയിരുത്തി. കര്‍ശന നിലപാടിലെയ്ക്ക് സര്‍ക്കാരിന് ചുവടുമാറ്റം നടത്താന്‍ ലഭിച്ച അവസരമായി സാഹചര്യത്തെ ഉപയോഗിക്കാം എങ്കിലും അത് യുക്തിസഹജമാകില്ലെന്നാണ് ഉയര്‍ന്ന പൊതു അഭിപ്രായം. ട്രാക്ടര്‍ സമരത്തിന്റെ തുടര്‍ചലനവും ഫലങ്ങളും ചില കര്‍ഷക സംഘടനകളിലെങ്കിലും പുനരാലോചന ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം സംഘടനകള്‍ ഇന്നലെ പൊലീസിനെ ബന്ധപ്പെടുകയും സംഭവവുമായ് ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കും എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനൗപചാരിക ചര്‍ച്ചയിലൂടെ ഈ സംഘടനകളെ സമര വേദികളില്‍ നിന്ന് മടക്കി അയക്കാനുള്ള ശ്രമം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു. പ്രത്യേക ദൂതന്മാരെ ഇതിനായി നിയോഗിച്ച് ലക്ഷ്യം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

സമരത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികള്‍ സമരത്തില്‍ കടന്ന് കയറി എന്ന സംശയം കര്‍ഷക സംഘടനകളില്‍ ചിലത് ഉയര്‍ത്തിക്കഴിഞ്ഞു. നിയമം 18 മാസത്തേക്ക് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം എന്ന ഉറപ്പും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ല. കര്‍ഷക സംഘടനകളുമായ് വീണ്ടും ചര്‍ച്ച നടത്താനുള്ള നിര്‍ദ്ദേശം പരിഗണിക്കുന്നത് കര്‍ഷകരുടെ തുടര്‍ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാകും. 18 മാസം നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഔദ്യോഗികമായി ഇതുവരെയും കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനെ നിലപാട് അറിയിച്ചിട്ടില്ല. അമിത്ഷായും, നരേന്ദ്രസിംഗ് തോമറും, പിയൂഷ് ഗോയലും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി സാഹചര്യങ്ങള്‍ സംബന്ധിച്ച പൂര്‍ണവിവരവും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയെയും അറിയിച്ചു.

Story Highlights – Central Government – tractor rally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top