കീഴാറ്റൂർ കൊലപാതകം : നാല് പേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും

keezhattur murder 4 arrested

കീഴാറ്റൂർ കൊലപാതക കേസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പടെ നാലു പേരാണ്
അറസ്റ്റിലായത്. ഒറവംപുറം സ്വദേശികളായ കിഴക്കും പറമ്പൻ നിസാം, കിഴക്കും പറമ്പൻ അബ്‌ദുൽ മജീദ്, കിഴക്കും പറമ്പൻ മൊയീൻ, ഐലക്കര യാസർ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്.

തദ്ദേശ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട തർക്കവും അപവാദ പ്രചാരണങ്ങളുമായിരുന്നു തുടക്കം. തുടർന്ന് ഉടലെടുത്ത രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സംഘർഷമാണ് ഒരു യുവാവിന്റെ മരണത്തിൽ കലാശിച്ചത്. ഒറവുംപുറം സ്വദേശി ആര്യാടൻ സമീറാണ് കുത്തേറ്റ് മരിച്ചത്. എട്ട് മാസം മുൻപാണ് ഇരുപത്താറുകാരനായ സമീർ വിവാഹിതനായത്.

അതേസമയം സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമെന്നാണ് യു.ഡി.എഫ് ആരോപണം.സമാധാനം പുലരുന്ന ജില്ലയിൽ സിപിഐഎം അക്രമം അഴിച്ചുവിടുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

എന്നാൽ കൊലപാതകം കുടുംബ വഴക്കിനെ തുടർന്നാണെന്നും രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും സിപിഐഎം പ്രതികരിച്ചു.

Story Highlights – keezhattur murder 4 arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top