Advertisement

വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ ലക്ഷ്യം: പി ജയരാജന്‍

January 31, 2021
Google News 3 minutes Read
ramesh chennithala p jayarajan

വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ ലക്ഷ്യമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കോണ്‍ഗ്രസിന്റെ തീവ്രവര്‍ഗീയ നിലപാടാണ്. അബ്ദുള്‍ കലാം ആസാദ്, മൗദൂദി ആശയക്കാരനാണെന്ന് പറയുന്ന മാധ്യമം പത്രത്തിലെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ജയരാജന്‍.

യുഡിഎഫിന് തീവ്ര വര്‍ഗീയതയുടെ പുതിയ തൊപ്പി കൂടി ഇടാന്‍ ജമാഅത്തെ ഇസ്ലാമി ആവേശം കാണിക്കുകയാണെന്നും പി ജയരാജന്‍. ലീഗിന്റെ തൊപ്പിയേക്കാള്‍ മൗദൂദിയുടെ തീവ്രവര്‍ഗീയതയുടെ തൊപ്പിയല്ലേ യുഡിഎഫിന്റെ വര്‍ഗീയ വിളവെടുപ്പിന് കൂടുതല്‍ നല്ലതെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുകയാണ്. കോണ്‍ഗ്രസുകാര്‍ ഇനി മുതല്‍ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലതെന്നും പി ജയരാജന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കുറിപ്പ്,

ശ്രീമാന്‍ രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഇന്ന് തുടങ്ങുകയാണല്ലോ.’വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ്’ ലക്ഷ്യം. കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യു.ഡി.എഫ് എന്നത്.
യു.ഡി.എഫിന് തീവ്രവര്‍ഗീയതയുടെ പുതിയ തൊപ്പി കൂടി ഇടാന്‍ ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ വലിയ ആവേശം കാണിക്കുന്നുണ്ട്. ലീഗിന്റെ തൊപ്പിയേക്കാള്‍ തീവ്രവര്‍ഗീയതയുടെ തൊപ്പി മൗദൂദിയുടേതല്ലേ…അതല്ലേ യു.ഡി.എഫ് ന്റെ വര്‍ഗീയ വിളവെടുപ്പിന് കൂടുതല്‍ നല്ലത്… ഇതൊക്കെയാണ് യു.ഡി.എഫിന്റെ വര്‍ഗീയകേരളത്തിന് മുന്നില്‍ ജമാഅത്തെ ഇസ്ലാമി അവതരിപ്പിക്കുന്ന അജണ്ട.

അതിന്റെ കാഹളം മൂത്താണ് ശനിയാഴ്ച മാധ്യമം പത്രത്തില്‍ ഒ.അബ്ദുറഹ്മാന്‍ ( എ.ആര്‍) എഴുതിയ ലേഖനം. ‘ദൈവിക രാജ്യം’ ( ഹുകുമത്തെ ഇലാഹി ) എന്ന ആശയത്തിനായി ഉറച്ചു നിന്ന് പോരാടിയ മൗദൂദിയെ വെളുപ്പിച്ചെടുക്കാന്‍ മഹാനായ അബുല്‍ കലാം ആസാദിനെ കൂട്ടുപിടിക്കുകയാണ്.
മൗദൂദിയുടെ ആശയക്കാരനായിരുന്നു ആസാദും എന്നാണ് ലേഖകന്റെ കണ്ടുപിടുത്തം. 1923 മുതല്‍ ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു അബ്ദുള്‍ കലാം ആസാദ് .ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച, കറ കളഞ്ഞ മതനിരപേക്ഷവാദിയായ ,ദേശീയ സ്വാതന്ത്ര്യത്തിനായി ഹിന്ദു മുസ്ലീം ഐക്യത്തിന് ഊന്നല്‍ കൊടുത്ത അബ്ദുല്‍ കലാം ആസാദും മതരാഷ്ട്രവാദിയായ മൗദൂദിയും ഒരു പോലെയല്ല. മൗദൂദിയുടെ തൊപ്പി അബുല്‍ കലാം ആസാദിനെ അണിയിക്കാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുമ്പോള്‍ എന്താണ് കോണ്‍ഗ്രസ് ഒന്നും മിണ്ടാത്തത്? യുഡിഎഫിന്റെ ജാഥാ നേതാവായ ചെന്നിത്തല ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഈക്കാര്യത്തെ കുറിച്ച് ഒന്നും മിണ്ടാന്‍ പോകുന്നില്ല.
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണമെന്ന ഉറച്ച രാഷ്ടീയ തീരുമാനം ജനങ്ങളുടെ മനസിലുണ്ട്. മതനിരപേക്ഷ വോട്ടുകള്‍ ഇനി യു.ഡി.എഫിന് കിട്ടില്ല. അതുകൊണ്ടാണ് പിടിച്ചു നില്‍ക്കാന്‍ യു.ഡി.എഫ്. തീവ്ര മതവര്‍ഗീയ വഴികള്‍ തേടുന്നത്.
അപ്പോഴാണ് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രവും ബുദ്ധിജീവിയും അബ്ദുള്‍ കലാം ആസാദിനെയും മൗദൂദിയെയും താരതമ്യം ചെയ്യുന്നത്. അബ്ദുള്‍ കലാം ആസാദിന്റെ പാരമ്പര്യമല്ല, മൗദൂദിയുടേത്. ലേഖനത്തിന്റെ അവസാനഭാഗത്ത് ‘മത വിശ്വാസികള്‍ രാഷ്ട്രീയമായി സംഘടിച്ച് വില പേശല്‍ നടത്തണം എന്നാണ് ആവശ്യപ്പെടുന്നത്. ജമാഅത്തെ ഇസ്ലാമി ഇതിലൂടെ ഉന്നം വയ്ക്കുന്നത് കോണ്‍ഗ്രസിന്റെ കൂടെ ഉറച്ചുനില്‍ക്കുന്ന ദേശീയവാദികളായ മുസ്ലിങ്ങളെയാണ്. അങ്ങനെയുള്ള ദേശീയ മുസ്ലിങ്ങളെല്ലാം കോണ്‍ഗ്രസില്‍ നിന്നുമാറി ലീഗിലോ വെല്‍ഫെയര്‍ പാട്ടിയിലോ ചേരണമെന്നാണ് ജമാഅത്തെ ഇസ്ലാമി പറയുന്നത്. ഇതിനോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ മതനിരപേക്ഷവാദികള്‍ക്കാകെ താത്പര്യമുണ്ട്.

ശ്രീമാൻ രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഇന്ന് തുടങ്ങുകയാണല്ലോ."വർഗീയതയുടെ ഐശ്വര്യ കേരളമാണ്" ലക്ഷ്യം. കേരള ജനത കൈവിട്ട…

Posted by P Jayarajan on Sunday, 31 January 2021

ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മര്‍ദത്തിന് വഴങ്ങി തീവ്രവര്‍ഗീയനിലപാട് തുടരാനാണ് ഭാവമെങ്കില്‍ കോണ്‍ഗ്രസുകാര്‍ ഇനി മുതല്‍ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത്.

Story Highlights – p jayarajan, ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here