ക്രമക്കേട്; കെഎസ്ആര്‍ടിസിയിലെ അഞ്ച് ജീവനക്കാര്‍ക്ക് എതിരെ നടപടി

trivandrum Army Recruitment Rally; KSRTC with extensive travel facilities

വിവിധ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അഞ്ച് ജീവനക്കാര്‍ക്ക് എതിരെ നടപടി. സ്‌കാനിയ ബസില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. കെ ടി ശ്രീരാജ്, വി എം ബിജീഷ്, എം സന്ദീപ് എന്നിവര്‍ക്ക് എതിരെയാണ് നടപടി.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും ജനുവരി 31-ന് വൈകിട്ട് ആറ് മണിക്കുള്ള മംഗലാപുരം മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ എ.സി. സര്‍വ്വീസില്‍ പോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവര്‍ കം. കണ്ടക്ടര്‍മാരായ കെ.ടി ശ്രീരാജ്, വി.എം. ബിജീഷ് എന്നിവരെയായിരുന്നു. എന്നാല്‍ കണ്ടക്ടര്‍ ചുമതല ഉണ്ടായിരുന്ന വി. എം.ബിജീഷ് ഈ ഡിപ്പോയിലെ തന്നെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയിരുന്ന എം. സന്ദീപിനെ മേലധികാരികളുടെ അറിവോ സമ്മതമോ കൂടാതെ കെ.ടി. ശ്രീരാജുമായി ചേര്‍ന്ന് കണ്ടക്ടര്‍ ചുമതല വഹിച്ച് കോര്‍പറേഷനെ കബളിപ്പിച്ച് സര്‍വീസ് നടത്തിയ സംഭവത്തിലാണ് മൂവരേയും സസ്‌പെന്‍ഡ് ചെയ്തത്. ആള്‍മാറാട്ടം നടത്തി സര്‍വീസ് നടത്തിയ ഇവരെ കൊല്ലം വിജിലന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍മാര്‍ ബസ് പരിശോധന നടത്തിയപ്പോഴാണ് വേബില്ലിലും, ലോഗ് ഷീറ്റിലും രേഖപ്പെടുത്തിയ പേരുകളും ഡ്യൂട്ടി ചെയ്ത ജീവനക്കാരുടെ ഐഡി കാര്‍ഡിലും വ്യത്യാസം തോന്നിയതിനെ തുടര്‍ന്ന് നടപടിയെടുത്തത്.

ഈ ബസിലെ ഡ്രൈവറായ ശ്രീരാജ് ടിക്കറ്റ് ആന്‍ഡ് ക്യാഷിലും, റിസര്‍വേഷന്‍ കൗണ്ടറിലും വി.എം. ബിജീഷിന്റെ പേര് പറഞ്ഞ് വേബില്‍, റിസര്‍വേഷന്‍ ചാര്‍ട്ട് എന്നിവ വാങ്ങി, വേബില്‍, ലോഗ് ഷീറ്റ് എന്നിവയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ എന്നിവരെ കാണിച്ച് രേഖകളില്‍ വി.എം. ബിജീഷിന്റേയും, കെ.ടി ശ്രീരാജിന്റേയും പേരുകള്‍ എഴുതി ചേര്‍ത്ത് കോര്‍പറേഷനെ കബളിപ്പിച്ച് ആള്‍മാറാട്ടം നടത്തുന്നതിന് കൂട്ടു നിന്നതിനാണ് നടപടിയെടുത്തത്.

കോര്‍പറേഷന്റെ അന്തര്‍ സംസ്ഥാന സര്‍വീസായ സ്‌കാനിയ സര്‍വീസില്‍ ഷെഡ്യൂള്‍ പോസ്റ്റ് ചെയ്ത ഡ്രൈവര്‍ കം കണ്ടക്ടറിന് പകരം, കോര്‍പറേഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കാതിരുന്നിട്ടും കണ്ടക്ടര്‍ ചുമതല വഹിച്ച് ആള്‍മാറാട്ടം നടത്തിയ എം. സന്ദീപിന്റെ പ്രവര്‍ത്തി കോര്‍പറേഷന് അവമതിപ്പും, കോര്‍പറേഷന്റെ സത്‌പേരിന് കളങ്കം ചാര്‍ത്താനും ഇടയായത് ഗുരുതരമായ അച്ചടക്കലംഘനമെന്ന് കാട്ടിയാണ് സന്ദീപിനെ സസ്‌പെന്‍ഡ് ചെയ്തത്.

സ്‌കാനിയ സര്‍വീസില്‍ ഡ്രൈവര്‍ കം കണ്ടക്ടറായി ഷെഡ്യൂള്‍ പോസ്റ്റ് ചെയ്തിട്ടും മേലധികാരികളെ അറിയിക്കാതെയും അനുവാദം വാങ്ങാതെയും ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന വി. എം. ബിജീഷിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.

കാട്ടാക്കട യൂണിറ്റിലെ ബോണ്ട് ട്രാവല്‍ കാര്‍ഡുകള്‍ വിതരണം നടത്തുന്നതിലും, ക്യാഷ് കൗണ്ടറില്‍ പണം അടച്ചതിലും ഉണ്ടായ ക്രമക്കേടുകളെ സംബന്ധിച്ച് നെടുമങ്ങാട് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 21 ന് കാട്ടാക്കട യൂണിറ്റില്‍ ബോണ്ട് സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ചീഫ് സ്റ്റോറില്‍ നിന്നും ലഭ്യമാക്കിയ 4,12,500 രൂപ മൂല്യം വരുന്ന 300 ട്രാവല്‍ കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് വില്‍പന നടത്തുന്നതിന് വേണ്ടി കണ്ടക്ടര്‍മാരായ എ. അജി, എം.സെയ്ദ് കുഞ്ഞ് എന്നിവരെ യൂണിറ്റോഫീസര്‍ ചുമതലപ്പെടുത്തി രജിസ്ട്രറില്‍ രേഖപ്പെടുത്തി ഇരുവരേയും ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. കണ്ടക്ടര്‍മാര്‍ ക്രമം തെറ്റിയാണ് കാര്‍ഡുകള്‍ വില്‍പന നടത്തിയതെന്നും കാര്‍ഡുകള്‍ വിറ്റതിന് ശേഷം കണ്ടക്ടര്‍മാര്‍ വിറ്റു പോയ എല്ലാ കാര്‍ഡുകളും വേ ബില്ലില്‍ രേഖപ്പെടുത്താതെ പണം അടച്ചിരിക്കുന്നതായും, വേ ബില്ലില്‍ രേഖപ്പെടുത്താതെ വില്‍പന നടത്തിയ കാര്‍ഡുകളുടെ വില ദിവസങ്ങളോളം കൈയില്‍ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു

കഴിഞ്ഞ മാസം 18 ന് ബോണ്ട് കാര്‍ഡുകളുടെ ചുമതല ഡിപ്പോയിലെ മറ്റൊരു കണ്ടക്ടര്‍ക്ക് നല്‍കുന്നതിന് യൂണിറ്റോഫീസര്‍ നല്‍കിയ നിര്‍ദേശ പ്രകാരം കാര്‍ഡുകള്‍ കൈമാറുന്ന സമയത്ത് അന്നേ ദിവസം വിറ്റ കാര്‍ഡുകളുടേയും, കൈമോശം വന്നുവെന്ന് അവകാശപ്പെടുന്ന കാര്‍ഡുകളുടേയും വിലയും ചേര്‍ത്ത് 45,000 രൂപ ടിക്കറ്റ് ആന്‍ഡ് ക്യാഷ് കൗണ്ടറില്‍ അടച്ചതായും രേഖകളുടെ പരിശോധനയില്‍ തെളിഞ്ഞു. ജനുവരി 18ന് വേബില്ലില്‍ രേഖപ്പെടുത്തിയ കാര്‍ഡുകളില്‍ പലതും മുന്‍പ് വിറ്റ് പോയവയാണെന്നും 15 ദിവസം വരെ ട്രാവല്‍ കാര്‍ഡ് വിറ്റ് കിട്ടിയ പണം കണ്ടക്ടര്‍മാര്‍ സ്വന്തം കൈയില്‍ സൂക്ഷിച്ചിരുന്നതായും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്.

ഇതിന് മുന്‍പ് വയനാട് 41 ലക്ഷം രൂപയാണ് ടിക്കറ്റ് മിഷനീല്‍ കൃത്രിമം നടത്തി വെട്ടിപ്പ് നടത്തിയത്. അത് പോലെ ഒരു വെട്ടിപ്പാണോ കാട്ടാക്കടയില്‍ നടന്നതെന്നും പരിശോധിക്കുന്നുണ്ട്. ഇങ്ങനെ കോര്‍പറേഷന്റെ തുകയില്‍ ഇതിന് മുന്‍പും ഇവര്‍ വെട്ടിപ്പ് നടത്തിയതായി സംശയമുണ്ട്. അതിനെപ്പറ്റി വിശദമായി അന്വേഷണം നടത്തുമെന്ന് സിഎംഡി അറിയിച്ചു. എണ്ണിക്കൊടുത്തിട്ടുള്ള ബോണ്ട് കാര്‍ഡുകളിലെ തുക അടയ്ക്കാതെ കൈയില്‍ വെച്ച സംഭവത്തില്‍ ഇതിന് മുന്‍പും ഇവര്‍ ലക്ഷക്കണക്കിന് രൂപ തിരിമറി നടത്തിയതായി സംശയമുണ്ട്. വിശദമായ പരിശോധനയിലെ ഇക്കാര്യം അറിയാന്‍ കഴിയുകയുള്ളൂ. ഇവരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നിയമവിഭാഗവുമായി ആലോചിച്ച് നടപ്പാക്കുന്നതായിരിക്കും. കെഎസ്ആര്‍ടിസിയുടെ ദൈനംദിന കളക്ഷന്‍ ഇങ്ങനെ പല സ്ഥലങ്ങളിലും അടയ്ക്കാതെ കൈവശം വയ്ക്കുകയും, അതില്‍ നിന്നും കുറവ് ചെയ്യുകയും, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന പരാതികള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് തെളിവ് സഹിതം രണ്ട് പേരെ പിടികൂടുന്നത്.

Story Highlights – ksrtc, corruption

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top