കേന്ദ്ര ബജറ്റ്: പ്രതീക്ഷയോടെ കേരളം; കടമെടുപ്പ് പരിധി ഉയര്‍ത്തുമോ ?

പൊതു ബജറ്റിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേന്ദ്ര പ്രഖ്യാപനത്തില്‍ കേരളത്തിനെന്തുണ്ടാകുമെന്ന് കാത്തിരിക്കുകയാണ് സംസ്ഥാനം. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നതടക്കം ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെങ്കിലും വലിയ പ്രതീക്ഷകളില്ലെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേരളത്തിന്റെ നികുതി വരുമാനം കുറയുമോ എന്ന് ആശങ്കയുണ്ടെന്നും തോമസ് ഐസക്ക് ട്വന്റിഫോറിനോടു പറഞ്ഞു.

കൊവിഡ് തീര്‍ത്ത പ്രതിസന്ധി മറികടക്കാന്‍ എന്ത് പ്രഖ്യാപനമാണ് നിര്‍മല സീതാരാമന്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കുമോ, തിരുവനന്തപുരം – കാസര്‍ഗോഡ് അതിവേഗ റയില്‍പാതക്ക് കേന്ദ്ര വിഹിതമുണ്ടാകുമോ, ശബരി പാത യാഥാര്‍ത്ഥ്യമാകുമോ, എയിംസ് മാതൃകയില്‍ കോഴിക്കോട്ട് ആശുപത്രിയെന്ന ആവശ്യം അംഗീകരിക്കുമോ… ഇങ്ങനെ തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ക്കാണ് കേരളം കാതോര്‍ക്കുന്നത്. ആവശ്യങ്ങള്‍ കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ടെങ്കിലും വലിയ പ്രതീക്ഷയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു.

അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി മോഡല്‍ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചേക്കും. ഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആശങ്കയുണ്ട്. കൊവിഡ് പ്രത്യേക പാക്കേജ് വേണമെന്നും ജിഎസ്ടിയിലെ സംസ്ഥാന നികുതി വര്‍ധിപ്പിക്കാന്‍ ഇളവ് വേണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു കേരളത്തോടുള്ള റെയില്‍വേ അവഗണനയില്‍ ഇത്തവണയെങ്കിലും മാറ്റമുണ്ടാകുമോയെന്നതും ശ്രദ്ധേയം.

Story Highlights – Union Budget: Kerala with hope

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top