അശോക് ഡിണ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ പേസർ അശോക് ഡിണ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. എല്ലാ തരം ക്രിക്കറ്റിൽ നിന്നുമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരം 15 വർഷത്തോളം നീണ്ട കരിയറിനാണ് സമാപ്തി കുറിച്ചത്. ഐപിഎലിലും ഇന്ത്യക്കായി രാജ്യാന്തര മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.
ബംഗാൾ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് ഡിണ്ട. 116 മത്സരങ്ങളിൽ നിന്ന് 420 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ സ്വന്തമാക്കിയ താരം 98 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 151 വിക്കറ്റുകളും 144 ടി-20കളിൽ നിന്ന് 98 വിക്കറ്റുകളും സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ കോച്ചിംഗ് സ്റ്റാഫുമായുള്ള തർക്കത്തെ തുടർന്ന് അദ്ദേഹം ഗോവയ്ക്കു വേണ്ടിയാണ് കളിച്ചത്.
രാജ്യാന്തര വേദിയിൽ ഏറെ നേട്ടമുണ്ടാക്കാൻ കഴിയാതെ പോയ ഒരു ബൗളറാണ് ഡിണ്ട. 13 ഏകദിനങ്ങളും 9 ടി-20കളും താരം ഇന്ത്യക്കു വേണ്ടി കളിച്ചു. 12, 17 വിക്കറ്റുകൾ വീതമാണ് സമ്പാദ്യം. ഐപിഎലിൽ ആകെ 78 മത്സരങ്ങൾ കളിച്ച താരം 68 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
Story Highlights – Ashok Dinda retires from cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here