അവസാന 15 മിനിട്ടിൽ രണ്ട് വിക്കറ്റ് നഷ്ടം; ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. റോറി ബേൺസ് (33), ഡാനിയൽ ലോറൻസ് (0) എന്നിവരാണ് പുറത്തായത്. ബേൺസിനെ അശ്വിൻ പന്തിൻ്റെ കൈകളിൽ എത്തിച്ചപ്പോൾ ലോറൻസിനെ ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കി. നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഡോമിനിക് സിബ്ലി (29), ജോ റൂട്ട് (4) എന്നിവരാണ് ക്രീസിൽ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജോ റൂട്ടിൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് ഓപ്പണർമാർ പുറത്തെടുത്തത്. ബാറ്റിംഗിനെ അകമഴിഞ്ഞ് തുണയ്ക്കുന്ന പിച്ചിൽ ആയാസരഹിതമായി ഇരുവരും ബാറ്റ് ചെയ്തു. 63 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ ആർ അശ്വിനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. അശ്വിനെ റിവേഴ്സ് സ്വീപ് ചെയ്യാൻ ശ്രമിച്ച ബേൺസ് വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു. രണ്ട് ഓവറുകൾക്കുള്ളിൽ അടുത്ത വിക്കറ്റും വീണു. ബുംറയെ തിരികെ വിളിച്ച കോലിയുടെ തീരുമാനം ശരിവെച്ചാണ് താരം ലോറൻസിൻ്റെ വിക്കറ്റ് വീഴ്ത്തിയത്.
Read Also : ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്; ഷഹബാസ് നദീമിന് അരങ്ങേറ്റം
ശക്തമായ ടീമിനെയാണ് ഇരുവരും അണിനിരത്തിയിരിക്കുന്നത്. രണ്ട് പേസ് ബൗളർമാരുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ബുംറയോടൊപ്പം ഇഷാന്ത് ശർമ്മയാണ് ഫസ്റ്റ് ഇലവനിൽ ഉള്ളത്. സ്പിന്നർ ഷഹബാസ് നദീം ഇന്ന് ഇന്ത്യക്കായി അരങ്ങേറും.
രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആർ അശ്വിനൊപ്പം നദീമും ടീമിൽ ഉൾപ്പെട്ടപ്പോൾ വാഷിംഗ്ടൺ സുന്ദർ ഓൾറൗണ്ടർ റോളിൽ സ്ഥാനം നിലനിർത്തി. രോഹിതും ഗില്ലും ഓപ്പൺ ചെയ്യുമ്പോൾ ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. പൂജാര, കോലി, രഹാനെ എന്നിവരാണ് മധ്യനിരയിൽ.
Story Highlights – england lost 2 wickets vs india in first test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here