ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്; ഷഹബാസ് നദീമിന് അരങ്ങേറ്റം

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ ടീമിനെയാണ് ഇരുവരും അണിനിരത്തിയിരിക്കുന്നത്. രണ്ട് പേസ് ബൗലർമാരുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ബുംറയോടൊപ്പം ഇഷാന്ത് ശർമ്മയാണ് ഫസ്റ്റ് ഇലവനിൽ ഉള്ളത്. സ്പിന്നർ ഷഹബാസ് നദീം ഇന്ന് ഇന്ത്യക്കായി അരങ്ങേറും.
ചെപ്പോക്കിലെ സ്പിൻ ട്രാക്കിൽ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആർ അശ്വിനൊപ്പം നദീമും ടീമിൽ ഉൾപ്പെട്ടപ്പോൾ വാഷിംഗ്ടൺ സുന്ദർ ഓൾറൗണ്ടർ റോളിൽ സ്ഥാനം നിലനിർത്തി. രോഹിതും ഗില്ലും ഓപ്പൺ ചെയ്യുമ്പോൾ ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. പൂജാര, കോലി, രഹാനെ എന്നിവരാണ് മധ്യനിരയിൽ.
Read Also : ഒരു വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യയിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരുന്നു; ഇംഗ്ലണ്ട് പരമ്പരയ്ക്ക് നാളെ തുടക്കം
ജോഫ്ര ആർച്ചർ, ജെയിംസ് ആൻഡേഴ്സൺ എന്നിവരാണ് ഇംഗ്ലണ്ടിൻ്റെ പേസർമാർ. ജാക്ക് ലീച്ച്, ഡോം ബെസ് എന്നിവർ സ്പിൻ ഡിപ്പാർട്ട്മെൻ്റിലുണ്ട്. പരുക്കേറ്റ് പുറത്തായ ക്രോളിക്ക് പരം ഡോമിനിക് സിബ്ലി റോറി ബേൺസിനൊപ്പം ഓപ്പൺ ചെയ്യും. യുവ വിക്കറ്റ് കീപ്പർ ഒലി പോപ്പും ടീമിലുണ്ട്.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനു വേദിയാകുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇന്ത്യയിൽ അവസാനമായി ഒരു ക്രിക്കറ്റ് മത്സരം നടന്നത്. മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരെ മത്സരം തീരുമാനിച്ചിരുന്നു എങ്കിലും ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ കൊവിഡ് ബാധ മൂലം പരമ്പര തന്നെ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഇന്ത്യയിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല.
Story Highlights – england will bat first in first test vs india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here