Advertisement

ഒരു വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യയിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരുന്നു; ഇംഗ്ലണ്ട് പരമ്പരയ്ക്ക് നാളെ തുടക്കം

February 4, 2021
Google News 2 minutes Read
india england test tomorrow

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ തുടക്കം. ഇന്ത്യൻ സമയം രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനു വേദിയാകുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇന്ത്യയിൽ അവസാനമായി ഒരു ക്രിക്കറ്റ് മത്സരം നടന്നത്. മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരെ മത്സരം തീരുമാനിച്ചിരുന്നു എങ്കിലും ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ കൊവിഡ് ബാധ മൂലം പരമ്പര തന്നെ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഇന്ത്യയിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല.

2020ൽ ഒരു ക്രിക്കറ്റ് മത്സരം പോലും രാജ്യത്ത് നടന്നില്ല. ഐപിഎൽ പോലും യുഎഇയിലേക്ക് മാറ്റി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് കൊവിഡ് ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നടന്ന ആദ്യ പ്രൊഫഷണൽ ക്രിക്കറ്റ് ടൂർണമെൻ്റ്. ജനുവരിയിലായിരുന്നു രാജ്യത്തെ ആഭ്യന്തര ടി-20 ടൂർണമെൻ്റ്. അതുകൊണ്ട് തന്നെ ഈ പരമ്പര ഇന്ത്യക്ക് വളരെ നിർണായകമാണ്.

കൊവിഡ് ഇടവേളയ്ക്കു ശേഷം ഇന്ത്യ ആദ്യമായി കളിച്ചത് ഓസ്ട്രേലിയക്കെതിരെ ആയിരുന്നു. ഓസ്ട്രേലിയയിൽ വച്ച് നടന്ന നീണ്ട പര്യടനത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം നടത്തിയത്. ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയപ്പോൾ ടി-20, ടെസ്റ്റ് പരമ്പരകൾ ഇന്ത്യ വിജയിച്ചു. പല കാരണങ്ങൾ കൊണ്ടും ചരിത്രമായ ഒരു ടെസ്റ്റ് പരമ്പരയായിരുന്നു അത്.

ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിന് ഓൾഔട്ടായി നാണം കെട്ട് പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. മുൻനിര ബൗളർമാരൊക്കെ പരുക്കേറ്റ് പുറത്തായപ്പോൾ റിസർവ് താരങ്ങളും നെറ്റ് ബൗളർമാരും വരെ ഇന്ത്യക്കായി അരങ്ങേറി. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റൻ വിരാട് കോലി പറ്റേണിറ്റി അവധിയിൽ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. എന്നാൽ, സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ കീഴിൽ പിന്നീട് ഇന്ത്യ നടത്തിയത് അവിശ്വസനീയ തിരിച്ചുവരവായിരുന്നു. അഡലെയ്ഡ് ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച ഇന്ത്യ സിഡ്നി ടെസ്റ്റിൽ വീരോചിത സമനില പിടിച്ചു. 32 വർഷമായി ഓസ്ട്രേലിയ തോൽവി അറിഞ്ഞിട്ടില്ലാത്ത ഗാബയിൽ അവരെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്.

ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക. 13ന് രണ്ടാം മത്സരവും ചെന്നൈയിൽ നടക്കും. ഫെബ്രുവരി 24, മാർച്ച് 4 എന്നീ തീയതികളിൽ അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ അവസാനത്തെ രണ്ട് മത്സരങ്ങൾ നടക്കും.

അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിലും നിർണായകമാവും. 2 മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യ ന്യൂസീലൻഡിനെതിരെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കും.

Story Highlights – india vs england test series starts tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here