Advertisement

കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം നാളെ

February 5, 2021
Google News 2 minutes Read

കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം നാളെ നടക്കും. ഡല്‍ഹി നഗരപരിധിയെ റോഡ് തടയലില്‍ നിന്ന് ഒഴിവാക്കിയതായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. രാജ്യവ്യാപകമായി മഹാപഞ്ചായത്ത്, കര്‍ഷക സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് സമരത്തെ കര്‍ഷക കുടുംബങ്ങളുടെ സമരമാക്കി മാറ്റാനുള്ള ഒരുക്കങ്ങളും കര്‍ഷക സംഘടനകള്‍ ആരംഭിച്ചു.

ഡല്‍ഹി അതിര്‍ത്തിയിലെ സമര കേന്ദ്രങ്ങളില്‍ ഒരോദിവസവും കര്‍ഷകരില്‍ സമരാവേശം പടരുകയാണ്. നിലവിലുള്ള പ്രതിബന്ധങ്ങളെ ഇച്ഛാശക്തികൊണ്ട് നേരിടുന്ന കര്‍ഷകര്‍ നാളെ നടത്താന്‍ തിരുമാനിച്ചിട്ടുള്ള വഴിതടയല്‍ സമരം രാജ്യവ്യാപകമായി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഡല്‍ഹി നഗരപരിധി ഒഴിച്ച് രാജ്യത്തെ എല്ലായിടങ്ങളും നാളത്തെ മൂന്ന് മണിയ്ക്കൂര്‍ നീളുന്ന റോഡ് തടയല്‍ സമരത്തിന്റെ ഭാഗമാകും എന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് അവകാശപ്പെട്ടു.

ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടക്കുന്നതിനാലാണ് ഡല്‍ഹി നഗരപരിധിയെ ഒഴിവാക്കിയതെന്നും ടിക്കായത്ത് വ്യക്തമാക്കി. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരകേന്ദ്രങ്ങളില്‍ ഉടന്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് റദ്ദാക്കിയതു വഴി കര്‍ഷകര്‍ മാത്രമല്ല, പ്രദേശവാസികളും മാധ്യമങ്ങളുമടക്കം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ത്ഥന.

നിരവധി സ്ത്രീകളടക്കമുള്ളവരാണ് കര്‍ഷക സമര വേദികളിലെയ്ക്ക് ഇപ്പോള്‍ എത്തുന്നത്. കര്‍ഷക സമരത്തെ കുടുംബങ്ങളുടെ പോരാട്ടമായി മാറ്റാനുള്ള നടപടികളിലാണ് ഇതുവഴി സംഘടനകള്‍. രാജ്യവ്യാപകമായി നടക്കുന്ന മഹാപഞ്ചായത്ത്, കര്‍ഷക സമ്മേളനങ്ങളുടെ ഒരുക്കങ്ങളും ഇപ്പോള്‍ പുരോഗമിക്കുകയാണ്. നാളെ നടക്കുന്ന സമരത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ ഡല്‍ഹി പൊലീസും കേന്ദ്രസര്‍ക്കാരും പൂര്‍ത്തിയാക്കി. ഇതനുസരിച്ച് സായുധരായ അധിക അര്‍ധ സൈനിക വിന്യാസം ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്ന് നടത്തും. മറ്റ് സംസ്ഥാനങ്ങളോട് ആവശ്യമായ സുരക്ഷാനടപടികള്‍ കൈക്കൊള്ളണമെന്ന് ആഭ്യന്തരമന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights – Farmer Leaders Say Will Block Roads Across The Country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here