പാലാ സീറ്റില്‍ തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് സിപിഐഎം യോഗം

പാലാ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. ജിലയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി.

ജോസ് കെ. മാണിയുടെ വരവിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് മധ്യകേരളത്തില്‍ ഇടതുമുന്നണിയുടെ പ്രവര്‍ത്തനം. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തത്. സീറ്റ് വിഭജനത്തില്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെയും, പ്രാദേശിക നേതാക്കളുടെയും അഭിപ്രായം മുഖ്യമന്ത്രി ആരാഞ്ഞു. മാണി സി. കാപ്പന്റെ എതിര്‍പ്പിനെ മറികടന്ന് പാലാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ഏകദേശ ധാരണ ആയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഉടനുണ്ടാകില്ല. സിപിഐ മത്സരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ. മാണി വിഭാഗത്തിന് നല്‍കുന്നതിലും തര്‍ക്കം തുടരുകയാണ്. എന്നാല്‍ ഒരുക്കങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി വിലയിരുത്തിയതെന്നും, സീറ്റ് ചര്‍ച്ചകള്‍ നടന്നില്ലെന്നുമാണ് സിപിഐഎം കോട്ടയം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

ഇതിനിടെ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വരാന്‍ സന്നദ്ധനായാല്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. കോട്ടയം ജില്ലയില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാനാകുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. പ്രവര്‍ത്തനം ശക്തമാക്കിയാല്‍ സിറ്റിംഗ് സീറ്റുകള്‍ക്ക് പുറമെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാനാകുമെന്നാണ് ചര്‍ച്ചകളിലെ വിലയിരുത്തല്‍.

Story Highlights – CPIM meeting in Kottayam led by the Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top