പൊലീസ് കസ്റ്റഡിയിലുള്ള സിപിഒ റാങ്ക് ഹോൾഡേഴ്സിനെ വിടണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരുടെ പ്രതിഷേധം

പൊലീസ് കസ്റ്റഡിയിലുള്ള നാല് സിപിഒ റാങ്ക് ഹോൾഡേഴ്സിനെ വിടണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ വി.എസ്. ശിവകുമാറും കെ.എസ്. ശബരീനാഥനും എആർ ക്യാമ്പിനകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്ത് എ.ആർ.ക്യാമ്പിൽ എത്തിച്ചിരുന്നു. ഇവർക്കെതിരെ കേസെടുക്കാനുള്ള പൊലീസ് നീക്കം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്.

അതേസമയം, പിഎസ്സി ഉദ്യോ​ഗാർത്ഥികൾക്ക് പിന്തുണയുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് നിരത്തിയ ബാരിക്കേട് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോ​ഗിക്കുകയായിരുന്നു. എന്നാൽ, പൊലീസ് അനാവശ്യമായി പ്രശ്നമുണ്ടാക്കുകയാണെന്നായിരുന്നു പ്രവർത്തകരുടെ ആരോപണം.

ഇതിനിടെ, യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമന വിവരങ്ങൾ പുറത്തുവിടാനൊരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഓരോ വകുപ്പുകളിലെയും നിയമനത്തിന്റെ വിവരങ്ങളാണ് മുഖ്യമന്ത്രി തേടിയിരിക്കുന്നത്. പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ സംബന്ധിച്ചും മുഖ്യമന്ത്രി വിവരങ്ങൾ ആരാഞ്ഞു. നിയമനങ്ങൾ സംബന്ധിച്ച് സർക്കാർ പ്രതിസന്ധി നേരിടുന്നതിനിടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവരങ്ങൾ ആരാഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായാണ് നിയമനങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് തേടിയിരിക്കുന്നത്.

Story Highlights – Protest by MLAs demanding release of CPO rank holders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top