സഭ തര്‍ക്കത്തില്‍ പുതിയ ഫോര്‍മുല; ഭൂരിപക്ഷം നോക്കി പള്ളികളുടെ അവകാശം നിശ്ചയിക്കാം

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് പള്ളികളുടെ അവകാശം റഫറണ്ടം നടത്തി നിശ്ചയിക്കാന്‍ നിയമ പരിഷ്‌ക്കരണ സമിതിയുടെ ശുപാര്‍ശ. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സംസ്ഥാന നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ഇക്കാര്യത്തില്‍ തയാറാക്കിയ കരട് ബില്ല് സര്‍ക്കാരിന് സമര്‍പ്പിച്ചു. സുപ്രിംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉള്ള മൂന്ന് അംഗ അതോറിറ്റി ആണ് റഫറണ്ടം നടത്തേണ്ടത്. അതോറിറ്റിയില്‍ ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിഭാഗങ്ങളിലെ ഓരോ അംഗങ്ങള്‍ ഉണ്ടാകണം. കരട് ബില്ലില്‍ ഇരുവിഭാഗങ്ങളെയും അനുനയിപ്പിച്ച ശേഷം സര്‍ക്കാര്‍ ഒര്‍ഡിനന്‍സ് പുറപ്പെടുവിക്കും എന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവേ ഓര്‍ത്തോഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കം സര്‍ക്കാരിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രായോഗിക പരിഹാരം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് കരട് ബില്ല് നിയമപരിഷ്‌കരണ കമ്മീഷന്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന മൂന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

ഉടമസ്ഥാവകാശം സംബന്ധിച്ച പരാതി ഉയര്‍ന്നാല്‍ പള്ളിയില്‍ തങ്ങള്‍ക്ക് ആണ് ഭൂരിപക്ഷം എന്ന് വ്യക്തമാക്കി സഭാ വിശ്വാസികള്‍ ജില്ലാ മജിസ്ട്രേറ്റിന് കത്ത് നല്‍കണം. പരാതിയുടെ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം റഫറണ്ടത്തിന് ആയി അതോറിറ്റിക്ക് കൈമാറണം. റഫറണ്ടം കഴിയുന്നത് വരെ ഒരു പള്ളികളില്‍ നിന്നും ആരെയും ഒഴിപ്പിക്കരുത്.

2017 ല്‍ സുപ്രിംകോടതി പുറപ്പടുവിച്ച വിധി പ്രകാരം 1934 ലെ സഭാ ഭരണഘടന പ്രകാരം ആണ് പള്ളികളില്‍ ഭരണം നടക്കേണ്ടത്. പക്ഷേ സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്യപ്പെടാത്ത രേഖ ആയതിനാല്‍, അത് ഉപയോഗിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ റഫറണ്ടം സുപ്രിംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉള്ള മൂന്ന് അംഗ അതോറിറ്റി ആണ് നടത്തേണ്ടത് എന്നും കരട് ബില്ല് നിര്‍ദ്ദേശിക്കുന്നു. അതോറിറ്റിയില്‍ ഇരു വിഭാഗത്തിലെയും ഓരോ അംഗങ്ങള്‍ ഉണ്ടാകണം. സഭകള്‍ക്കാണ് ഇവരെ നിര്‍ദ്ദേശിക്കാനുള്ള അധികാരം എന്നും കരട് ബില്ല് പറയുന്നു. ഇനി സഭകള്‍ അതോറിറ്റിയിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക കൈമാറിയില്ല എങ്കില്‍ സര്‍ക്കാരിന് നേരിട്ട് നിയമിക്കാം. അതോറിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കും ബാധകം ആയിരിക്കും. ബില്ലില്‍ ഇരുവിഭാഗത്തിന്റെയും ഇടയില്‍ ഒരു സമവായം ഉണ്ടാക്കാന്‍ അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ ശ്രമം നടത്തും. സാധ്യമായാല്‍ ഒര്‍ഡിനന്‍സായ് ബില്ല് ഉടന്‍ നടപ്പില്‍ വരുത്താനാണ് നിക്കം.

Story Highlights – New formula in church dispute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top