പ്രശസ്ത ഗായകൻ എം. എസ് നസീം അന്തരിച്ചു

പ്രശസ്ത ഗായകൻ എം. എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്താണ് അന്ത്യം. പക്ഷാഘാതം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന നസീം മൂവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അവതരിപ്പിച്ചത്. ആകാശവാണിയിലേയും ദൂരദർശനിലേയും സജീവ സാന്നിധ്യമായിരുന്നു. ഗായകനായി മാത്രം ഒതുങ്ങാതെ സിനിമ, നാടക, ലളിത, ഗസൽ സംഗീതചരിത്രത്തെ കുറിച്ച് പഠിക്കുവാനും അത് ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കഴക്കൂട്ടത്തെ തന്റെ മേടയിൽ വീട് ഒരു സംഗീത മ്യൂസിയമാക്കി മാറ്റി. ദൂരദർശൻ തുടർച്ചയായി സംപ്രേഷണം ചെയ്ത ‘ആയിരം ഗാനങ്ങൾതൻ ആനന്ദലഹരി’ എന്ന ഡോക്യുമെന്ററി, മലയാള ഗാനചരിത്രം രേഖപ്പെടുത്താൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി നിർമിക്കപ്പെട്ടതാണ്. നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

Read Also : ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

1997ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന സർക്കാരിെന്റെ ടി.വി അവാർഡ് നാലുതവണ, 2001ൽ കുവൈത്തിലെ സ്മൃതി എ എം രാജ പുരസ്‌കാരം, 2001ൽ സോളാർ ഫിലിം സൊസൈറ്റി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. എം.എ, ബി.എഡ് കാരനായ അദ്ദേഹം 27 വർഷം കെ.എസ്.ഇ.ബിയിൽ പ്രവർത്തിച്ചു. 2003ൽ സൂപ്രണ്ടായിരിക്കെ സ്വയം വിരമിച്ച് മുഴുസമയ സംഗീത പ്രവർത്തകനായി മാറി. മുഹമ്മദ് റാഫിയേയും മലയാളി സംഗീതജ്ഞൻ എ ടി ഉമ്മറിനേയും കുറിച്ച് അദ്ദേഹം ഡോക്യുമെന്ററികൾ ചെയ്തിരുന്നു. നൗഷാദിനെ കുറിച്ച് ഡോക്യുമെന്ററി ചെയ്യാനുള്ള തയ്യാറെടുപ്പിനിടയിലാണ് പക്ഷാഘാതം വന്ന് വലതുവശം തളരുകയും സംസാരശേഷിയും നഷ്ടമാകുകയും ചെയ്തത്.

Story Highlights – Singer M. S Naseem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top