കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം കൊച്ചിയിൽ തുടങ്ങി

കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നാൽപ്പത് പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയാണ് യോഗത്തിന്റെ അജണ്ട.
നേരത്തെ എൽഡിഎഫും സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിരുന്നു. സീറ്റ് വിഭജനത്തിൽ നീക്കുപോക്കുകളാകാമെന്നാണ് സിപിഐ നേതൃത്വം ഉഭയകക്ഷി ചർച്ചയിൽ സിപിഐഎമ്മിനെ അറിയിച്ചത്. പ്രതിപക്ഷവും മറ്റും ഉയർത്തുന്ന വിവാദങ്ങൾക്ക് പുറകേ പോകണ്ടതില്ലെന്ന് സിപിഐഎം തിരഞ്ഞെടുപ്പ് ശിൽപശാലയിൽ മുഖ്യമന്ത്രിയും പറഞ്ഞു.
പുതിയ ഘടകകക്ഷികളായ കേരളാ കോൺഗ്രസ് എമ്മിനും എൽജെഡിക്കും സീറ്റുകൾ കണ്ടെത്താൻ ചില വിട്ടുവീഴ്ചകളാകാമെന്ന നിലപാടാണ് സിപിഐ ഉഭയകക്ഷി ചർച്ചയിൽ സ്വീകരിച്ചത്. വിശദമായ ചർച്ച നടന്നില്ലെങ്കിലും ഇരിക്കൂർ സീറ്റ് വിട്ടുനൽകിയാൽ, പകരം കണ്ണൂർ ജില്ലയിൽ തന്നെ മറ്റൊരു സീറ്റ് ലഭിക്കണം. കാഞ്ഞിരപ്പള്ളിയും വിട്ടുകൊടുക്കാൻ തയാറാണ്. കാനം രാജേന്ദ്രനും മന്ത്രി ഇ.ചന്ദ്രശേഖരനുമാണ് ഉഭയകക്ഷി ചർച്ചയിൽ സിപിഐയെ പ്രതിനിധീകരിച്ചത്. സിപിഐഎമ്മിനെ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും. ഒന്നിൽകൂടുതൽ സീറ്റുകൾ ത്യാഗം ചെയ്യാൻ തയാറല്ലെന്ന സന്ദേശവും സിപിഐ നേതൃത്വം കൈമാറിയിട്ടുണ്ട്. രാവിലെ മുതൽ വൈകിട്ട് വരെ നീണ്ട സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് ശിൽപശാലയിൽ സംസ്ഥാന സമിതിയംഗങ്ങൾ മുതൽ മണ്ഡലം കമ്മിറ്റി സെക്രട്ടറിമാർ വരെയുള്ളവരാണ് പങ്കെടുത്തത്.
Story Highlights – congress election committee meeting begun in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here