Advertisement

ഇടതുമുന്നണിയിൽ പതിമൂന്ന് സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി ജോസ് കെ മാണി

February 15, 2021
Google News 1 minute Read
Jose Mani thirteen seats

ഇടതുമുന്നണിയിൽ പതിമൂന്ന് സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി ജോസ് കെ മാണി. കോട്ടയം ജില്ലയിൽ ആറ് സീറ്റുകളിൽ അവകാശവാദം ഉന്നയിക്കാൻ ആണ് കേരള കോൺഗ്രസ് എം നീക്കം. ചർച്ചകൾക്കായി നാളെ കോട്ടയത്ത് സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേരും.

യുഡിഎഫ് സ്ഥാനാർഥിയായി മണി സി കാപ്പൻ പാലായിൽ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് ഇടത് മുന്നണിയിൽ സീറ്റുകൾ ഉറപ്പാക്കാനുള്ള ജോസ് കെ മാണിയുടെ നീക്കം. 13 സീറ്റുകളാണ് ആവശ്യം. കോട്ടയം ജില്ലയിൽ കഴിഞ്ഞ തവണ മത്സരിച്ച ആറു സീറ്റുകളിലും അവകാശവാദമുണ്ട്. പാലായ്ക്ക് പുറമേ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവ ആവശ്യപ്പെടും. എറണാകുളം ജില്ലയിൽ അങ്കമാലിയോ പെരുമ്പാവൂരോ വേണമെന്ന് ആവശ്യം. കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയ്ക്ക് പുറമെ തിരുവമ്പാടിയിലും കണ്ണുണ്ട്. റാന്നി, ഇരിങ്ങാലക്കുട, തൊടുപുഴ, ഇടുക്കി എന്നിവ കൂടാതെ കുട്ടനാട് സീറ്റും ലഭിക്കണമെന്നാണ് പാർട്ടി വികാരം.

പാലായിൽ ജോസ് കെ മാണി തന്നെ രംഗത്തിറങ്ങിയേക്കും. സിറ്റിംഗ് സീറ്റുകൾ ആയ ഇടുക്കിയിലും കാഞ്ഞിരപ്പള്ളിയിലും എംഎൽഎമാർ തന്നെ രംഗത്തിറങ്ങും. ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, എൻഎസ്എസുമായി അടുത്ത ബന്ധമുള്ള യൂത്ത് ഫ്രണ്ട് നേതാവ് വിജയ് ജോസ് മാരേറ്റ് എന്നിവരെയാണ് പരിഗണിക്കുന്നത്.

എന്നാൽ ചങ്ങനാശ്ശേരിയിൽ അവകാശവാദവുമായി ജനാധിപത്യ കേരള കോൺഗ്രസും, സിപിഐയും രംഗത്തുണ്ട്. നിലവിൽ സിപിഎം സിറ്റിംഗ് സീറ്റായ ഏറ്റുമാനൂർ ലഭ്യമായാൽ സ്റ്റീഫൻ ജോർജിനാണ് മുൻഗണന. കഴിഞ്ഞതവണ യുഡിഎഫിൽ 15 സീറ്റുകളിലാണ് കേരള കോൺഗ്രസ് എം മത്സരിച്ചത്. ഇതിൽ ആറിടത്ത് വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി സീറ്റ് ആവശ്യം ശക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് ചർച്ചകൾക്കായി നാളെ കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ച ശേഷം ആദ്യമായാണ് കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നത്.

Story Highlights – Jose K. Mani to demand thirteen seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here