മധ്യപ്രദേശ് ബസ് അപകടം; മരണം 39 ആയി

മധ്യപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കാനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ 39 മൃതദേഹം കണ്ടെടുത്തു. 7 പേരാണ് അപകടത്തിൽ രക്ഷപ്പെട്ടത്. 11 പേരെ ഇനിയും കണ്ടേത്താനുണ്ട്. മരണമടഞ്ഞവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
രാവിലെ ഏഴരയോടെയായിരുന്നു അപകടം. മധ്യപ്രദേശിലെ സിദ്ധിയിൽ നിന്ന് സത്‌നയിലേക്ക് പുറപ്പെട്ട ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. അൻപതിലേറെ യാത്രിക്കാർ ബസിൽ ഉണ്ടായിരുന്നു. എസ്ഡിആർഎഫും മുങ്ങൽ വിദഗ്ധരും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയായിരുന്നു കൂടുതൽ മരണവും. കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ബസ് പൂർണമായും കനാലിൽ മുങ്ങിയതിനാൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് എസ്ഡിആർഎഫ് അറിയിച്ചു. ജല നിരപ്പ് കുറയ്ക്കുന്നതിന് വേണ്ടി ബൻസാഗർ കനാലിൽ നിന്നുള്ള ജലം സിഹാവൽ കനാലിലേക്ക് തുറന്നു വിട്ടു. സംഭവ സ്ഥലത്തെ സ്ഥിതിഗതികൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ വിലയിരുത്തി.
അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മധ്യപ്രദേശ് സർക്കാർ അപകടത്തിനിരയായവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകും. ഉൾക്കൊള്ളാവുന്നതിലും അധികമായി യാത്രക്കാരെ ബസിൽ കയറ്റിയത് കൊണ്ടാവാം ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതെന്നാണ് പ്രഥമിക നിഗമനം.
Story Highlights – madhya pradesh buss accident death toll touches 39
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here