സീറ്റുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഇടത് മുന്നണിയില്‍ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളും ആവശ്യപ്പെടും. പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്നും നേതാക്കളുടെ അവകാശ വാദം.

തിരുനന്തപുരം, ചങ്ങനാശേരി, പൂഞ്ഞാർ, ഇടുക്കി സീറ്റുകളിലാണ് കഴിഞ്ഞ തവണ പാർട്ടി മൽസരിച്ചത്. പക്ഷെ നാലിലും തോറ്റു. പാർട്ടി ചെയർമാനായിരുന്ന ഫ്രാൻസിസ് ജോർജ്, കേരളാ കോൺഗ്രസ് എമ്മിലെ പിളർപ്പിന് ശേഷം ജോസഫ് ഗ്രൂപ്പിലേയ്ക്ക് മടങ്ങിയതും തിരിച്ചടിയായി. ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിൽ എത്തിയതോടെ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ സീറ്റുകൾ പിടിച്ചെടുക്കാനുള്ള നീക്കമുണ്ട്.

കഴിഞ്ഞ തവണ പാർട്ടി മൽസരിച്ച ചങ്ങനാശേരി, പൂഞ്ഞാർ, ഇടുക്കി സീറ്റുകൾ ജോസ് വിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. തിരുവനന്തപുരം സീറ്റ് ആൻ്റണി രാജുവിന് ലഭിച്ചേക്കും.

പാർട്ടി ചെയർമാൻ ഡോ.ക .സി ജോസഫ് 2016ൽ മൽസരിച്ച ചങ്ങനാശേരി ജോസ് വിഭാഗത്തിന് നൽകിയാൽ പകരം കുട്ടനാട് ചോദിക്കാനാണ് ജനാധിപത്യ കേരള കോൺഗ്രസ് തീരുമാനം. 25 വർഷം കുട്ടനാട് എംഎൽഎയായിരുന്ന ഡോ.കെ സി ജോസഫിന് സീറ്റ് നൽകിയാൽ ജയിക്കാൻ കഴിയുമെന്നാണ് അവകാശവാദം. ഇടുക്കി ഇല്ലെങ്കിൽ ഇരിക്കൂർ സീറ്റ് വേണമെന്ന് മുന്നണിയിൽ ആവശ്യപ്പെടാനും തീരുമാനമുണ്ട്.

Story Highlights – kerala congress, ldf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top