പാംഗോങ് തടാക പ്രദേശത്ത് ഇന്ത്യയും ചൈനയും സേനാ പിന്മാറ്റം പൂര്‍ത്തിയാക്കി; കമാന്‍ഡര്‍തല ചര്‍ച്ച ഇന്ന്

പാംഗോങ് തടാക പ്രദേശത്ത് ഇന്ത്യയും ചൈനയും സേനാപിന്മാറ്റം പൂര്‍ത്തിയാക്കി. ഇരുസൈന്യങ്ങളും മുഖാമുഖം നില്‍ക്കുന്ന മറ്റു മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ച ഇന്ന് നടക്കും. പാംഗോങ് പിന്മാറ്റം പൂര്‍ത്തിയായി 48 മണിക്കൂറിനുള്ളില്‍ അടുത്ത ചര്‍ച്ച തുടങ്ങണമെന്ന ധാരണപ്രകാരമാണിത്.
രാവിലെ 10ന് കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോ സപ്ംഗൂര്‍ ഗ്യാപ്പിലാണ് യോഗം. കോര്‍പസ് കമാന്‍ഡര്‍ ലെഫ്.ജനറല്‍ പി.ജി.കെ. മേനോന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തില്‍ വിദേശകാര്യമന്ത്രാലയ ഈസ്റ്റ് ഏഷ്യ ജോ.സെക്രട്ടറി നവീന്‍ ശ്രീവാസ്തവയുമുണ്ടാകും. ചൈനയുടെ പ്രതിനിധി സംഘത്തെ സൗത്ത് ഷിന്‍ജിയാംഗ് മിലിട്ടറി ജില്ലാ ചീഫ് മേജര്‍ ജനറല്‍ ലിയു ലിന്‍ ആണ് നയിക്കുന്നത്.
ഗ്രോഗ്ര, ഹോട്ട് സ്പ്രിംഗ് എന്നിവിടങ്ങളിലെ സേനാ പിന്മാറ്റമായിരിക്കും ഇന്നത്തെ ചര്‍ച്ചയില്‍ പ്രധാനമായും ഉയരുക. നേരത്തെ ഈ മേഖലകളിലുണ്ടാക്കിയ ധാരണ പൂര്‍ണമായും ചൈന നടപ്പാക്കിയിരുന്നില്ല. നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങളിലെ പെട്രോളിംഗും ചര്‍ച്ച ചെയ്യും. അതേസമയം, ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയ്ക്ക് മുമ്പേ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന തന്ത്രപ്രധാനമായ ഡെപ്സാംഗ് സമതലത്തിലെ തര്‍ക്കത്തില്‍ ചര്‍ച്ച ഉടനുണ്ടാകില്ലെന്നാണ് സൂചനകള്‍.
ഷൈയോക് നദിക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ഡെപ്സാംഗ് സമതലത്തിലെ ഭൂരിഭാഗവും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ചൈന അതിക്രമിച്ച് കയറാന്‍ 2013 ലും 2017 ലും നടത്തിയ ശ്രമങ്ങളാണ് ഇവിടെ സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. ജനുവരി 24ന് നടന്ന ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയിലുണ്ടാക്കിയ ധാരണപ്രകാരം ഫെബ്രുവരി 10നാണ് പാംഗോങില്‍ പിന്മാറ്റം തുടങ്ങിയത്. പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങളില്‍ നിന്നും തെക്കന്‍ തീരത്തെ കൈലാഷ് മലനിരകളില്‍ നിന്നുമാണ് ഇരുസൈന്യങ്ങളും പരമ്പരാഗത ബേസുകളിലേക്ക് മാറിയത്.
Story Highlights – India – China complete military withdrawal in Pangong Lake area; Commander level discussion today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here