Advertisement

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി; അടൂരില്‍ പ്രവര്‍ത്തനം ശക്തമാക്കി ഇടതുമുന്നണി

February 20, 2021
Google News 2 minutes Read

സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ പത്തനംതിട്ട അടൂരില്‍ പ്രവര്‍ത്തനം ശക്തമാക്കി ഇടതുമുന്നണി. സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ തന്നെ മൂന്നാം വട്ടവും മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് മുന്നണി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പന്തളം മേഖലയില്‍ സംഘടനാ പോരായ്മകള്‍ മറികടക്കുന്നതിനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഇടതുപക്ഷത്തെ പ്രധാന പാര്‍ട്ടികള്‍.

വര്‍ഷങ്ങളോളം കോണ്‍ഗ്രസ് കുത്തകയാക്കി വച്ചിരുന്ന അടൂരില്‍ രണ്ട് തവണ വിജയിച്ച ചിറ്റയത്തെ തന്നെ ഇത്തവണയും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പായതോടെയാണ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചത്. ശബരിമലയടക്കമുള്ള പ്രചാരണ വിഷയങ്ങള്‍ യുഡിഎഫും എന്‍ഡിഎയും സജീവമാക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷത്തിന്റെ മുന്നൊരുക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പന്തളം നഗരസഭയിലടക്കം സംഘടനാ പോരായ്മകള്‍ മറികടന്ന് പ്രവര്‍ത്തനം ശക്തമാക്കാനാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

നിലവില്‍ മണ്ഡലത്തിലെ സ്ഥിതി സുരക്ഷിതമാണന്നും എംഎല്‍എ എന്ന നിലയില്‍ ചിറ്റയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നുമാണ് സിപിഐയുടെ വിലയിരുത്തല്‍. അതേസമയം, തദ്ദേശീയരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി എല്‍ഡിഎഫ് വെല്ലുവിളികളെ മറിക്കടക്കാനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തീരുമാനം. സംവരണ മണ്ഡലം കൂടിയായ അടൂരില്‍ പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, സംസ്ഥാന നേതാവ് പി.എം. വേലായുധന്‍ തുടങ്ങിയവരെയാണ് ബിജെപി നേതൃത്വം പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ ബാബു ദിവാകരന്‍ തുടങ്ങിയവരിലൊരാളെ മുന്‍ നിര്‍ത്തി മണ്ഡലം തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

Story Highlights – Preliminary discussions on candidate – Left Front Adoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here