ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ തൊഴില്‍ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. ഓഫീസില്‍ ഇരുന്ന് മാത്രം ചെയ്തിരുന്ന പല ജോലികളിലും വീട്ടിലിരുന്നും ചെയ്യാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയോടെ ഒട്ടേറെ പുതിയ തൊഴില്‍ മേഖലകളും ഉയര്‍ന്നുവന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഓഫീസുകള്‍ പലതും വീടുകളിലേക്ക് മാറി. വര്‍ക്ക് ഫ്രം ഹോം സംവിധാനം പല സ്ഥാപനങ്ങളും സ്വീകരിച്ചു. ഇത്തരത്തില്‍ തൊഴില്‍ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പുതിയ കാലത്ത് ഉയര്‍ന്നുവന്ന ഓണ്‍ലൈന്‍ തൊഴില്‍ മേഖലയില്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യതകളും ഏറെയാണ്. ഇങ്ങനെയുള്ള ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.

  • ജോലി ഓഫര്‍ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിള്‍ മുഖേനയോ മറ്റോ സെര്‍ച്ച് ചെയ്ത് അവരുടെ വെബ്സൈറ്റ് അല്ലെങ്കില്‍ ഫേസ്ബുക്ക്, ലിങ്ക്ഡ്ഇന്‍ പോലുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ ഉണ്ടോ എന്ന് കണ്ടെത്തുക. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളില്‍ പ്രസ്തുത കമ്പനിയുടെ ജോബ് ഓഫര്‍ കണ്ടെത്താന്‍ കഴിയുമോയെന്ന് നോക്കുക.
  • ജോബ് കമ്പനികളെ കുറിച്ചുള്ള ധാരാളം റിവ്യൂകള്‍ സെര്‍ച്ച് ചെയ്താല്‍ കാണാന്‍ കഴിയും. ജോബ് ഓഫര്‍ നല്‍കിയ കമ്പനിയെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിശോധിക്കുക. കമ്പനിയുടെ വെബ്‌സൈറ്റ് URL secure ആണോന്ന് ഉറപ്പുവരുത്തുക (അഡ്രസ് ബാറിലെ ലോക്ക് ഐക്കോണ്‍ ഉള്‍പ്പെടെ)
  • ഓഫര്‍ ചെയ്യപ്പെടുന്ന തൊഴിലവസരങ്ങളുടെ പേരില്‍ പണം നല്‍കാനോ, ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുകയോ, ഒരു അഭിമുഖത്തിന് ഹാജരാകാനോ ഇടയായാല്‍ കൃത്യമായും കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങളെ കബളിപ്പിക്കാനുള്ള സ്‌കാമറുടെ പ്രിയപ്പെട്ട മാര്‍ഗ്ഗമാണ് കുറച്ച് തുക അടച്ച് വിശ്വാസ്യത നേടിയെടുക്കുക എന്നത്.
  • കമ്പനിയില്‍ നിന്ന് ഇന്റര്‍വ്യൂവിനുള്ള വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, ഹാജരാകേണ്ട വിലാസം സെര്‍ച്ച് ചെയ്യുക. അങ്ങനെ ഒരു വിലാസം കൃത്യമാണെന്നും നിലവില്‍ ഉള്ളതാണെന്നും അത് ഒരു സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പുവരുത്തുക.
  • ഇന്റര്‍വ്യൂവിനോ മറ്റ് ആവശ്യങ്ങള്‍ക്കോ കമ്പനിയുടെ ഓഫീസില്‍ പോകേണ്ടി വന്നാല്‍ നിങ്ങള്‍ എവിടെ പോകുന്നു എന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുക.
  • കമ്പനി ആവശ്യപ്പെടുന്ന വിശദാംശങ്ങളെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കുക. ജോബ് ഓഫറില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ അഥവാ ജോലിയെ കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ഒരു കാരണവശാലും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കരുത്.

Story Highlights – How to identify online employment scams

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top