ഐപിഎൽ ലേലം; വിശകലനം

ഐപിഎൽ 14ആം സീസണിനു മുന്നോടി ആയുള്ള ലേലത്തിൽ പല സർപ്രൈസുകളും കണ്ടു. ആരോൺ ഫിഞ്ചിനെ വാങ്ങാൻ ആളില്ലാത്തതും റെക്കോർഡ് തുക നൽകി ക്രിസ് മോറിസിനെ സ്വന്തമാക്കുന്നതും ലേലത്തിലുണ്ടായി. ഗ്ലെൻ മാക്സ്‌വലും കൃഷ്ണപ്പ ഗൗതമും സ്റ്റീവ് സ്മിത്തും റൈലി മെരെഡിത്തും ഷാരൂഖ് ഖാനും കൈൽ ജമീസണുമൊക്കെ ലേലത്തിലെ ചർച്ചകളായി.
ചെന്നൈ സൂപ്പർ കിംഗ്സ് നടത്തിയത് തരക്കേടില്ലാത്ത പർച്ചേസുകൾ ആയിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വേണ്ട താരങ്ങളെ കണ്ടെത്താൻ ചെന്നൈക്ക് സാധിച്ചിട്ടുണ്ട്. മൊയീൻ അലി യൂട്ടിലിറ്റി ക്രിക്കറ്ററാണ്. വില അല്പം കൂടുതലാണെങ്കിലും ലോവർ ഓർഡറിൽ ധോണിക്കൊപ്പം ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ മൊയീനു കഴിയും. ഫോം ആകുമോ എന്നതാണ് സംശയം. മൊയീൻ്റെ ഐപിഎൽ പ്രകടനങ്ങൾ അത്ര മികച്ചതല്ല. എങ്കിലും ഒരു ടി-20 ക്രിക്കറ്റർ എന്ന ടാഗ് നന്നായി ചേരുന്ന താരമാണ് മൊയീൻ. കൃഷ്ണപ്പ ഗൗതമും മൊയീന്റെ അതേ കാറ്റഗറി തന്നെയാണ്. വില കൂടുതലാണെങ്കിലും മധ്യനിരയെ ശക്തിപ്പെടുത്തൽ എന്ന മാനേജ്മെൻ്റ് തീരുമാനം ആ വിലയെ സാധൂകരിക്കുന്നുണ്ട്. ഹരി നിശാന്ത് ഒരു ഡീസന്റ് പർച്ചേസാണ്. ഹരി ചെന്നൈ ബാറ്റിംഗ് കരുത്തിനെ വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പഴയ പല്ലവി ആവർത്തിക്കുകയാണ്. ഗലാക്റ്റിക്കോസിനെ അണിനിരത്തി കപ്പടിക്കുക എന്ന പഴയ നയം മുൻ സീസണുകളിൽ തിരിച്ചടി ആയിട്ടും മാനേജ്മെൻ്റ് അത് പഠിച്ചിട്ടില്ല. മാക്‌സ്‌വെലിൻ്റെ കഴിഞ്ഞ കാല പ്രകടനങ്ങൾക്കിടയിലും താരത്തിന് 14.25 കോടി രൂപ നൽകാനുള്ള തീരുമാനം എത്രത്തോളം ശരിയാണ് എന്നത് കണ്ട് തന്നെ അറിയണം. മാക്സ്‌വെൽ ഒരു മോശം പർച്ചേസാവും എന്ന് തോന്നുന്നു. പ്രത്യേകിച്ചും ആ വിലയ്ക്ക്. കൈൽ ജെമീസൺ നല്ല പർച്ചേസ് ആണ്. വില കൂടുതലാണെന്ന് തോന്നുന്നെങ്കിലും വിലയെ സാധൂകരിക്കുന്ന പ്രകടനം ഉണ്ടാവുമെന്ന് കരുതുന്നു. ലഭിക്കുന്ന ബൗൺസും ക്യാരിയും ജെമീസണെ മികച്ച ഒരു ബൗളറാക്കുമെന്ന് കരുതുന്നു. വാലറ്റത്തെ ഡീസൻ്റായ ബാറ്റിംഗ് പ്രകടനങ്ങളും ആർസിബിക്ക് തുണയാകും. അസ്ഹറുദ്ദീനും സച്ചിൻ ബേബിയുമൊക്കെ കളിക്കുമോ എന്നതിൽ സംശയമുണ്ട്. അസ്ഹറിനു ചില അവസരങ്ങൾ കിട്ടിയേക്കും. ദേവ്ദത്ത്, ജൊഷ് ഫിലിപ്പെ, കോലി, ഡിവില്ല്യേഴ്സ് എന്നീ താരങ്ങൾ ആദ്യ നാല് താരങ്ങളിൽ സ്ഥിരമായതു കൊണ്ട് തന്നെ ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. സച്ചിനും ലോവർ ഓർഡറിൽ ചില അവസരങ്ങൾ ലഭിച്ചേക്കാം.
ഡൽഹി ക്യാപിറ്റൽസിൻ്റേത് പാളിയ പർച്ചേസുകളാണ് എന്ന് തോന്നുന്നു. ആകെ നല്ല ഒരു ബയ് സാം ബില്ലിംഗ്സ് ആണ്. പക്ഷേ, ബില്ലിംഗ്സിനെ അഫോർഡ് ചെയ്യാൻ കഴിയുന്ന ഒരു സ്ക്വാഡ് അല്ല ഡൽഹിയുടേത്. രാജസ്ഥാനിലെ മോശം ഫോം ഉദാഹരണമായി ഉണ്ടായിട്ടും ടോം കറൻ 5.25 കോടി നേടിയത് ഓക്ഷനിലെ പാളിച്ചയാണ്. ഉമേഷും സ്മിത്തും അത്ര നല്ല പർച്ചേസുകളായി തോന്നുന്നില്ല. ഉമേഷ് ഒരു മോശം ടി-20 ബൗളറും സ്മിത്ത് ഒരു മോശം ടി-20 ബാറ്റ്സ്മാനുമാണ്. വിഷ്ണു വിനോദിന് ചില അവസരങ്ങൾ ലഭിച്ചേക്കാം. ടോപ്പ് ഓർഡറിൽ കളിക്കാൻ കഴിഞ്ഞേക്കില്ല.
പതിവു പോലെ മുംബൈ ഇന്ത്യൻസ് നടത്തിയിരിക്കുന്നത് നല്ല പർച്ചേസുകൾ ആണ്. പീയുഷ് ചൗള മാത്രമാണ് മോശമെന്ന് തോന്നിയ പർച്ചേസ്. അർജുൻ തെണ്ടുൽക്കറുടെ മെറിറ്റിൽ സംശയമുണ്ട്. ആദം മിൽനെ, ജെയിംസ് നീഷം, നഥാൻ കോൾട്ടർനൈൽ എന്നീ പർച്ചേസുകളൊക്കെ മികച്ചതാണ്. അതുകൊണ്ട് തന്നെ പേസ് ഡിപ്പാർട്ട്മെന്റ് വളരെ ശക്തം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നന്നായി ഓക്ഷനെ സമീപിച്ചു. ബെൻ കട്ടിംഗ്, ഷാക്കിബ് അൽ ഹസൻ, ഹർഭജൻ എന്നീ താരങ്ങളെ വലിയ തുക മുടക്കാതെ എത്തിച്ചു എന്നത് നേട്ടമാണ്. എങ്കിലും കഴിഞ്ഞ ഒരു വർഷമായി ക്രിക്കറ്റ് കളിക്കാത്ത ഹർഭജൻ എത്ര മികച്ച പ്രകടനം നടത്തും എന്നത് കണ്ടറിയണം.
രാജസ്ഥാൻ റോയൽസും നല്ല രീതിയിൽ ഓക്ഷനെ സമീപിച്ചു. വേണ്ടത് എന്നാണെന്ന് കൃത്യമായി മനസ്സിലാക്കിയാണ് അവർ പണം മുടക്കിയത്. ക്രിസ് മോറിസും ശിവം ദുബെയും മുസ്തഫിസുർ റഹ്മാനും നല്ല വാങ്ങലുകളാണ്. പരുക്ക് ഭീഷണിയുള്ള ക്രിസ് മോറിസിന് അത്ര പണം നൽകേണ്ടതില്ലായിരുന്നു എന്ന് തോന്നുന്നു. മോറിസിനു ബാക്കപ്പായാണ് മുസ്തഫിസുറിനെ ടീമിൽ എത്തിച്ചത് എന്നതിനാൽ ഒരാൾ പുറത്തിരിക്കേണ്ടി വരും. അത് രണ്ട് താരങ്ങളോടും ചെയ്യുന്ന നീതികേടാവും. ആകാശ് സിംഗ്, കെസി കരിയപ്പ ഒക്കെ നല്ല പർച്ചേസ് ആണ്.
കിംഗ്സ് ഇലവൻ പഞ്ചാബും മികച്ച പർച്ചേസുകളാണ് നടത്തിയത്. ജൈ റിച്ചാർഡ്സൺ, ഷാരൂഖ് ഖാൻ, മോയിസസ് ഹെൻറിക്കസ്, ഫാബിയൻ അലൻ, ജലജ് സക്സേന എന്നിവരൊക്കെ നല്ല വാങ്ങലുകളാണ്. മെരെഡിത്തും നല്ല താരമാണ്. താരത്തിന് 8 കോടി കൊടുക്കാനുണ്ടോ എന്നതാണ് സംശയം.
സൺ റൈസേഴ്സ് ലേലത്തിൽ കാര്യമായി പങ്കെടുത്തില്ല. എങ്കിലും മുജീബ് റഹ്മാൻ നല്ല പർച്ചേസ് ആണ്.
Story Highlights – ipl auction 2021 analysis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here