സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും

പിഎസ്‌സി വിഷയത്തില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉദ്യോഗാര്‍ത്ഥികളുമായി വീണ്ടും ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. അതേസമയം നാളെ വൈകുന്നേരത്തിനുള്ളില്‍ അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

സര്‍ക്കാര്‍ പ്രതിനിധികള്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍. സര്‍ക്കാര്‍ തീരുമാനം വൈകിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സമരവും തുടരുകയാണ്. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനം വന്ന ശേഷമെ സമരം അവസാനിപ്പിക്കു എന്ന നിലപാടിലാണ് നേതാക്കളുള്ളത്.

അതേസമയം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര പന്തലുകളിലെത്തി. കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ഉറപ്പിലാണ് കഴിഞ്ഞ ദിവസം ചര്‍ച്ച അവസാനിച്ചത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story Highlights – psc rank holders protest – govt talks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top