വനിതാ സിപിഒ ഉദ്യോഗാർഥികളുടെ സമരം: റാങ്ക് പട്ടികയിൽ കുറെ പേർ ഉണ്ടാകും, അതിൽ എല്ലാവർക്കും നിയമനം ലഭിക്കില്ല; പി കെ ശ്രീമതി

PSC റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി ലഭിക്കില്ലെന്നും അതിന് സ്വാഭാവിക നടപടിക്രമങ്ങളുണ്ടെന്നും മുൻ മന്ത്രി പി.കെ ശ്രീമതി. റാങ്ക് പട്ടികയിലുള്ള മുഴുവൻ പേർക്കും നിയമനം എന്നുള്ളത് കേരളം രൂപീകരിച്ചതിന് ശേഷം ഇതുവരെയും നടപ്പാകാത്ത കാര്യമാണ്. റാങ്ക് പട്ടികയിൽ കുറെ പേർ ഉണ്ടാകും. അതിൽ എല്ലാവർക്കും നിയമനം ലഭിക്കില്ല. സർക്കാരിന്റെ നടപടിക്രമങ്ങൾ എന്താണെന്ന് സമരം ചെയ്യുന്നവർ മനസിലാക്കണമെന്നും വാശിപിടിച്ച് മുന്നോട്ടു പോവുകയല്ല വേണ്ടതെന്നും പി കെ ശ്രീമതി പ്രതികരിച്ചു.
ജോലി ലഭിക്കണം എന്ന ഉദ്യോഗാർഥികളുടെ ആവശ്യത്തിനൊപ്പം തന്നെയാണ് എല്ലാവരും. സ്വാഭാവികമായ നടപടികൾ മാത്രമാണ് സർക്കാർ ചെയ്യുന്നത്. ആർക്കും തൊഴിൽ ലഭിക്കരുതെന്ന് സർക്കാർ ആഗ്രഹിക്കുന്ന കാര്യമല്ല. തൊഴിലിന്റെ കാര്യത്തിൽ കേരള സർക്കാർ ചെയ്യുന്നത് മെച്ചപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ഇപ്പോൾ സമരം ചെയ്യുന്നവരുടേത് വാശിയല്ല, ദുർവാശിയാണ്. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ അവർ കാണുന്നില്ലെന്നും പികെ ശ്രീമതി കുറ്റപ്പെടുത്തി.
Read Also: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; എല്ലാ പരീക്ഷ സെൻ്ററുകളിലും നിരീക്ഷകരെ നിയോഗിക്കാൻ തീരുമാനം
കഴിഞ്ഞ 10 വർഷത്തെ കണക്ക് പരിശോധിച്ചാൽ ഏതെങ്കിലും വകുപ്പിൽ ഒഴിവ് കിടപ്പുണ്ടോ എന്നുള്ളത് എല്ലാവർക്കും മനസിലാക്കാൻ സാധിക്കും. തൊഴിൽ നൽകുന്ന കാര്യത്തിൽ കൃത്യമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. ആർക്കുവേണമെങ്കിലും പരിശോധിക്കാം. വനിതാ പൊലീസിൽ കൂടുതൽ പേർക്ക് നിയമനം നൽകിയത് പിണറായി സർക്കാർ ആണെന്നും പികെ ശ്രീമതി പറഞ്ഞു.
അതേസമയം, റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് വനിതാ സിപിഒ ഉദ്യോഗാർഥികൾ. ഇന്ന് ഹാൾ ടിക്കറ്റ് കത്തിച്ച് പ്രതിഷേധിക്കും. നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 30% പേർക്ക് മാത്രമാണ് നിയമനം ലഭിച്ചിട്ടുള്ളത്. കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സമരം ചെയ്യുന്ന 3 വനിതാ ഉദ്യോഗാർഥികൾ ഉൾപ്പെടെ 45 പേർക്ക് നിയമന ശിപാർശ ലഭിച്ചിരുന്നു. എന്നാൽ പരമാവധി നിയമനം നടത്തണമെന്നാണ് സമരം തുടരുന്നവരുടെ ആവശ്യം. കഴിഞ്ഞ ദിവസവും പ്രതീകാത്മക ബാലറ്റ് പെട്ടിയിൽ വോട്ട് ചെയ്തും, റീത്ത് വച്ചും സമരക്കാർ പ്രതിഷേധിച്ചിരുന്നു.എന്നാൽ സർക്കാർ ഉദ്യോഗാർഥികളോട് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
Story Highlights : PK Sreemathi reacts women CPO rank holders protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here