‘അവർ നമ്മളെപ്പറ്റി ചിന്തിക്കുന്നില്ല, പിന്നെന്തിന് നമ്മൾ അവരെപ്പറ്റി ചിന്തിക്കണം’; പിച്ച് വിവാദത്തിൽ പ്രതികരിച്ച് രോഹിത് ശർമ്മ

ഇന്ത്യയിൽ സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ച് ഉണ്ടാക്കി മത്സരം ഏകപക്ഷീയമാക്കുന്നു എന്ന വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. വിദേശ പിച്ചുകളിൽ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകൾ തയ്യാറാക്കുമ്പോൾ ആരും അത് വിവാദമാക്കുന്നില്ലെന്നും പിന്നെ എന്താണ് ഇന്ത്യയിൽ സ്പിൻ പിച്ചുകൾ ഉണ്ടാക്കുന്നത് വിവാദമാക്കുന്നതെന്നും രോഹിത് ചോദിച്ചു.
“പിച്ച് രണ്ട് ടീമുകൾക്കും ഒരുപോലെയാണ്. ഇങ്ങനെ ഒരു ചർച്ച ഉണ്ടാവുന്നത് എങ്ങനെയാണെന്ന് പോലും എനിക്കറിയില്ല. വർഷങ്ങളായി ഇന്ത്യയിലെ പിച്ചുകൾ ഇങ്ങനെയാണ് തയ്യാറാക്കുന്നത്. അതിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായെന്നോ അങ്ങനെ ഉണ്ടാവേണ്ടതാണെന്നോ എനിക്ക് തോന്നുന്നില്ല. എല്ലാ ടീമുകളും സ്വന്തം നാട്ടിലെ അവസ്ഥ ഉപയോഗിക്കും. നമ്മൾ പുറത്ത് പോകുമ്പോൾ അവിടെയും അതാണ് സംഭവിക്കുക. അവർ അതേപ്പറ്റി ചിന്തിക്കില്ല. പിന്നെ എന്തിനാണ് നമ്മൾ ആരെയെങ്കിലും പറ്റി ചിന്തിക്കണം? ഇതാണ് ഹോം അഡ്വാൻ്റേജ്. അല്ലെങ്കിൽ ഈ സംവിധാനം മാറ്റി ക്രിക്കറ്റ് കളിക്കണം. ഇന്ത്യക്കും പുറത്തും ഒരുപോലത്തെ പിച്ച് ഉണ്ടാക്കണമെന്ന നിയമം രൂപീകരിക്കാൻ ഐസിസിയോട് ആവശ്യപ്പെടൂ.”- വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു.
ചെപ്പോക്കിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം നേടിയതിനു പിന്നാലെയാണ് പിച്ചിനെതിരെ വിമർശനങ്ങൾ ഉയർന്നത്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ പരസ്യമായി പിച്ചിനെതിരെ രംഗത്തെത്തിയിരുന്നു.
Story Highlights – Rohit Sharma Slams Pitch Critics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here