മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; സ്വർണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്നാർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്.
ദുബൈയിൽ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. അക്രമി സംഘത്തിന് ബിന്ദുവിന്റെ വീട് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ തട്ടികൊണ്ട് പോയതിന് പിന്നിൽ പൊന്നാനി സ്വദേശികളായ നാല് പേരാണ് എന്നാണ് സൂചന.
കൊടുവള്ളി സ്വദേശി ഹനീഫക്ക് വേണ്ടിയാണ് സ്വർണം കടത്തിയത്. പൊന്നാനി സ്വദേശി രാജേഷിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. സംഭവത്തിന്റെ തലേ ദിവസം രാജേഷ് ബിന്ദുവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേഷ് നിലവിൽ ഒളിവിലാണ്.
അതേസമയം താൻ വിദേശത്ത് നിന്ന് പല തവണ സ്വർണം നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് ബിന്ദു പൊലീസിന് മൊഴി നൽകി. കഴിഞ്ഞ എട്ട് മാസത്തിനിടെ മൂന്ന് തവണ കേരളത്തിലേക്ക് സ്വർണം എത്തിച്ചു. പ്രതിഫല തർക്കത്തെ തുടർന്ന് ഒടുവിൽ കടത്തിയ ഒന്നര കിലോ സ്വർണം ബിന്ദു സ്വർണക്കടത്ത് സംഘത്തിന് കൈമാറാത്തതാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Story Highlights – mannar woman kidnap customs probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here