ചെങ്കോട്ട സംഘര്‍ഷം; കര്‍ഷക നേതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ജമ്മു കശ്മീരില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്ന പ്രധാന പ്രതി നടന്‍ ദീപ് സിദ്ദുവിനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷക സമരം 90ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ജമ്മു കശ്മീര്‍ യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
Read Also : റിപബ്ലിക് ദിനത്തിലെ സംഘർഷം; ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുക്കുന്നു
ചെങ്കോട്ട സംഘര്‍ഷത്തില്‍ സജീവ പങ്കാളികള്‍ ആയിരുന്നുവെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം. ചെങ്കോട്ടയിലെ താഴികക്കുടത്തില്‍ കയറിപ്പറ്റിയ ജസ്പ്രീത് സിംഗിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
അതേസമയം ഉത്തര്‍ പ്രദേശില്‍ ഈ മാസം 26 വരെ കേന്ദ്രസേനയുടെ വിന്യാസം തുടരാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന ജനറല്‍ സെക്രട്ടറി ജസ്‌തേജ് സിംഗിന് നേരെയുണ്ടായ വധശ്രമത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പെഹോവയില്‍ വച്ച് ബൈക്കിലെത്തിയ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ജസ്‌തേജ് സിംഗ് രക്ഷപ്പെട്ടത്.
Story Highlights – farmers protest, arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here