തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ക്ഷീണം ഐശ്വര്യ കേരളാ യാത്രയിലൂടെ മറികടക്കാനായെന്ന വിലയിരുത്തലില്‍ യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലുയര്‍ന്ന വിരുദ്ധവികാരം ഐശ്വര്യ കേരളാ യാത്രയിലൂടെ മറികടക്കാനായെന്ന വിലയിരുത്തലില്‍ യുഡിഎഫ്. പിഎസ്‌സി – ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങളിലൂടെ എല്‍ഡിഎഫിനൊപ്പമെത്താനായെന്നും നേതൃത്വം കണക്കുകൂട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന – സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളാണ് ഇനി മുന്നണിക്ക് മുന്നിലെ വെല്ലുവിളി.

പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശത്തിരയിളക്കം ഉണ്ടാക്കിയതിനൊപ്പം വോട്ടര്‍മാര്‍ക്കിടയില്‍ അനുകൂല തരംഗം സൃഷ്ടിക്കാനും ഐശ്വര്യകേരളാ യാത്രയിലൂടെ സാധിച്ചതായാണ് യുഡിഎഫ് വിലയിരുത്തല്‍. യാത്രയുടെ ആദ്യവേളയില്‍ ചില കല്ലുകടികളുണ്ടായെങ്കിലും യാത്രസമാപിക്കുമ്പോള്‍ യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ ഐക്യകാഹളം മുഴക്കാന്‍ സാധിച്ചതായും നേതൃത്വം വിലയിരുത്തുന്നു. പിഎസ്‌സി വിവാദവും പിന്‍വാതില്‍ നിയമനവും സജീവ ചര്‍ച്ചയാക്കിയതിലൂടെ യുവജന വികാരം സര്‍ക്കാരിനെതിരാക്കാന്‍ സാധിച്ചതായാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

ഉദ്യോഗാര്‍ത്ഥികളുടെ സമരവേദിയില്‍ രാഹുല്‍ഗാന്ധിയെ എത്തിക്കാനായതും മുന്നണിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദം തീരദേശ മേഖലയിലെ വോട്ടുകള്‍ അരക്കിട്ടുറപ്പിക്കുന്നതിന് സഹായകമാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതിന് തീരദേശ മേഖലകളിലേക്ക് വിശദീകരണ ജാഥകളുമായി കടന്നുചെല്ലാനുള്ള തീരുമാനവും കൂടുതല്‍ ഗുണകരമാകുമെന്ന് യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നുണ്ട്.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ക്ഷീണം മറികടന്ന് ഇടതുമുന്നണിക്കൊപ്പം എത്താനായെന്നും മുന്നണി നേതൃത്വം വിലയിരുത്തുന്നു. സീറ്റുവിഭജന – സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളാണ് ഇനി മുന്നിലുള്ള കടമ്പ. ഈമാസം അവസാനത്തോടെ സീറ്റുവിഭജനം പൂര്‍ത്തിയാക്കി എത്രയും വേഗം സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കി തെരഞ്ഞെടുപ്പ് കളം പിടിക്കാനാണ് നേതൃത്വത്തിന്റെ ആലോചന.

വിജയസാധ്യത മാത്രം മാനദണ്ഡമാക്കണമെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കണമെന്നുമുള്ള ഹൈക്കമാന്‍ഡിന്റെ കര്‍ശനനിര്‍ദേശം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് പുതുമ പകര്‍ന്നു നല്‍കിയേക്കും. കേരളത്തില്‍ രാഷ്ട്രീയസാഹചര്യം അനുകൂലമെന്നാണ് ഹൈക്കമാന്‍ഡിന്റെയും വിലയിരുത്തല്‍. അതുകൊണ്ടുതന്നെ എന്തുവില കൊടുത്തും ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് കേന്ദ്രനേതൃത്വവും മുന്‍കൈയെടുക്കും.

Story Highlights – aishwarya kerala yatra udf – hope

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top