ഇസ്രയേലിന്റെ തീരങ്ങളിൽ ടാർ അടിഞ്ഞു കൂടുന്നു; ചത്തടിയുന്നത് നിരവധി ജീവികൾ

ഇസ്രയേൽ ഇതുവരെ നേരിട്ടിട്ടുള്ളതിൽ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണ്. ഇസ്രയേലിന്റെ തീരപ്രദേശങ്ങളിൽ കടലിലുണ്ടായ എണ്ണചോർച്ച മൂലം വൻതോതിൽ ടാർ അടിഞ്ഞു കൂടി പരിസ്ഥിയെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ബീച്ചുകളിൽ നിന്ന് മാറി നിൽക്കാൻ ഇസ്രയേൽ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിക്കഴിഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ടാർ കാരണമാകും. മെഡിറ്ററേനിയൻ കടലിനു സമീപമുള്ള ഇസ്രയേലിന്റെ തീരങ്ങളിൽ കഴിഞ്ഞ ആഴ്ച മുതലാണ് ടാർ അടിയാൻ തുടങ്ങിയത്.

വൻ തോതിൽ കടലാമകളും കടൽ പക്ഷികളും ടാറിൽ മുങ്ങിയതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും ടാർ കണ്ടെത്തി. മീനുകൾ , ജെല്ലിഫിഷ്, ആമകൾ തുടങ്ങിയവ ചത്തൊടുങ്ങാനും തുടങ്ങിയിട്ടുണ്ട്. ഇസ്രയേലിന്റെ തീരപ്രദേശങ്ങളിൽ സംഭവിക്കുന്ന ദുരന്തത്തിന്റെ ആഴം എത്രത്തോളമാണെന്ന് വെളിവാക്കുന്ന സംഭവങ്ങളാണിത്. ശുദ്ധീകരണ പ്രവർത്തങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണ്ണമായി പഴയ നിലയിലെത്താൻ ഒരുപാട് സമയം വേണ്ടിവരും. 190 കിലോമീറ്ററുള്ള ഇസ്രയേലിന്റെ തീരപ്രദേശത്ത് 170 കിലോമീറ്ററോളം ടാർ അടിയുന്നുണ്ട്.

ഈ പരിസ്ഥിതി പ്രശ്നത്തിന്റെ കാരണമെന്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഉൾക്കടലിൽ , കൊടുംങ്കാറ്റിൽ അകപ്പെട്ട് തകരാർ സംഭവിച്ച ഏതോ എണ്ണക്കപ്പലിൽ നിന്നുണ്ടായ ചോർച്ച മൂലമാണെന്ന് സംശയിക്കുന്നുണ്ട്. പക്ഷെ കപ്പൽ ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതോടൊപ്പം വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ആമകളും ദുരിതത്തിലാണ്. ശ്വാസകോശത്തിലും വയറ്റിലും വരെ ടാർ കയറിയ നിലയിൽ ഇത്തരം ആമകളെ കണ്ടെത്തിയിട്ടുണ്ട്. പ്രതിസന്ധിയിലായ ജീവജാലങ്ങളെ രക്ഷിക്കാനും തീരങ്ങൾ ശുദ്ധീകരിക്കാനും കൊവിഡ് ഭീഷണി അവഗണിച്ചും ഇസ്രയേലിന്റെ സന്നദ്ധപ്രവർത്തകർ രംഗത്തുണ്ട്.
Story Highlights – Israeli Oil Spill Is a Severe Ecological Disaster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here