ദേവ്ദത്തിനു സെഞ്ചുറി; കേരളത്തെ 9 വിക്കറ്റിനു തോല്പിച്ച് കർണാടക

വിജയ് ഹസാരെ ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് സിയിൽ ഇന്ന് നടന്ന മത്സരത്തിൽ കേരളത്തിനു തോൽവി. അയൽക്കാരായ കർണാടകയാണ് കേരളത്തിനെതിരെ 9 വിക്കറ്റ് ജയം കുറിച്ചത്. കർണാടകയ്ക്കായി മലയാളി താരം ദേവ്ദത്ത് പടിക്കൽ സെഞ്ചുറി നേടി പുറത്താവാതെ നിന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച കേരളത്തിൻ്റെ ആദ്യ തോൽവിയാണ് ഇത്. ആദ്യ ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 277 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക 45.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ആദ്യ രണ്ട് ഓവറുകളിൽ ഉത്തപ്പയെയും (0) സഞ്ജുവിനെയും (3) നഷ്ടമായി. ഇന്നിംഗ്സിൻ്റെ ആദ്യ പന്തിലാണ് മികച്ച ഫോമിലുള്ള ഉത്തപ്പ പുറത്തായത്. ഇരുവരും പുറത്തായതിനു പിന്നാലെ മൂന്നാം വിക്കറ്റിൽ വിഷ്ണു വിനോദും വത്സൽ ഗോവിന്ദും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തി. 29 റൺസെടുത്ത വിഷ്ണു പുറത്തായതോടെ 56 റൺസ് നീണ്ട ഈ കൂട്ടുകെട്ട് തകർന്നു.
നാലാം വിക്കറ്റിൽ വത്സലിനു കൂട്ടായി ക്യാപ്റ്റൻ സച്ചിൻ ബേബി എത്തിയതോടെ സ്കോർബോർഡിൽ റൺസെത്തി. 114 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ഇരുവരും ചേർന്ന് കേരളത്തെ കരകയറ്റി. എന്നാൽ നിർണായക സമയത്ത് സച്ചിൻ ബേബി (54) പുറത്തായത് കേരളത്തിനു വീണ്ടും തിരിച്ചടിയായി. സച്ചിനു പിന്നാലെയെത്തിയ അസ്‌ഹർ ടി-20 മൂഡിലായിരുന്നു. അസ്‌ഹറുമൊത്ത് 50 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ, സെഞ്ചുറിക്ക് 5 റൺസ് അകലെ വത്സൽ മടങ്ങി. പിന്നീട് വാലറ്റത്തിൻ്റെ കൂട്ടുപിടിച്ച് അസ്‌ഹർ കേരളത്തെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു. 38 പന്തിൽ 59 റൺസെടുത്ത് അസ്‌ഹർ പുറത്താവാതെ നിന്നു.
അനായാസമായിരുന്നു കർണാടകയുടെ ചേസ്. രവികുമാർ സമന്തും ദേവ്ദത്ത് പടിക്കലും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത് 99 റൺസ്. 62 റൺസ് നേടിയ രവികുമാർ പുറത്തായതിനു പിന്നാലെ എത്തിയ കൃഷ്ണമൂർത്തി സിദ്ധാർത്ഥും ദേവ്ദത്തിനൊപ്പം മികച്ച ബാറ്റിംഗ് പുറത്തെടുത്തതോടെ കർണാടക അനായാസം വിജയം കുറിക്കുകയായിരുന്നു. ദേവ്ദത്തും (126) സിദ്ധാർത്ഥും (86) പുറത്താവാതെ നിന്നു.
Story Highlights – vijay hazare trophy karnataka won against kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here