കോഴിക്കോട് ബിഡിജെഎസ് മത്സരിച്ച സീറ്റുകൾ ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി

കോഴിക്കോട് ജില്ലയിൽ ബിഡിജെഎസ് മത്സരിച്ച സീറ്റുകൾ ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി. പാർട്ടിയുടെ എ ക്ലാസ് പട്ടികയിലുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഇത്തവണ ബിജെപി മത്സരിക്കാനാണ് തീരുമാനം. ബിഡിജെഎസ് സൗത്ത് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ നീക്കം
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര മണ്ഡലങ്ങളിലായിരുന്നു ബിഡിജെഎസ് മത്സരിച്ചത്. പേരാമ്പ്രയിൽ 8561 വോട്ടും തിരുവമ്പാടിയിൽ 8749 വോട്ടും മാത്രമാണ് ലഭിച്ചതെങ്കിൽ കോഴിക്കോട് സൗത്തിൽ 19146 വോട്ട് നേടാൻ ബിഡിജെഎസിന് സാധിച്ചു. അന്ന് മത്സരിച്ച സതീഷ് കുറ്റിൽ തന്നെ ഈ തവണയും സൗത്തിൽ സ്ഥാനാർഥിയായി ഇറങ്ങുമെന്നായിരുന്നു ബിഡിജെഎസ് നേരത്തെ പ്രഖ്യാപിച്ചത്. ഏകപക്ഷീയമായ സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. ബി ജെ പിയുടെ എ ക്ലാസ് പട്ടികയിലുള്ള മണ്ഡലങ്ങളിൽ ബിജെപി തന്നെ മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
കോഴിക്കോട് സൗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവൻ, സംസ്ഥാന സെക്രട്ടറി പി രഘുനാഥ് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. കഴിഞ്ഞ തവണ ബിഡിജെഎസിന് നൽകിയ പേരാമ്പ്ര മണ്ഡലം ബിജെപി ഏറ്റെടുത്ത് പകരം വടകര മണ്ഡലം നൽകിയേക്കും. ജില്ലയിലെ ബിജെപി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അവസാന ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
Story Highlights – BJP ready to take over seats in Kozhikode contested by BDJS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here