Advertisement

ശ്രീശാന്തും ഉത്തപ്പയും തിളങ്ങി; 8.5 ഓവറിൽ 148 റൺസ് മറികടന്ന് കേരളം

February 28, 2021
Google News 2 minutes Read
kerala won bihar hazare

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തിളങ്ങുന്ന ജയം. ഗ്രൂപ്പ് സിയിലെ അഞ്ചാം റൗണ്ട് മത്സരത്തിൽ ബീഹാറിനെതിരെ 9 വിക്കറ്റ് ജയമാണ് കേരളം കുറിച്ചത്. അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനായി ബാറ്റ്സ്മാന്മാർ അടിച്ചുതകർത്തപ്പോൾ ബീഹാർ മുന്നോട്ടുവച്ച 149 റൺസിൻ്റെ വിജയലക്ഷ്യം കേരളം 8.5 ഓവറിൽ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബീഹാറിനെ ശ്രീശാന്തും ജലജ് സക്സേനയും ചേർന്നാണ് ചുരുട്ടിക്കെട്ടിയത്. ശ്രീശാന്ത് 9 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം 30 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ സക്സേന 10 ഓവറിൽ 30 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. നിഥീഷ് എംഡി 8 ഓവറിൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രനും വിക്കറ്റ് കോളത്തിൽ ഇടം നേടി. 64 റൺസ് നേടിയ ബാബുൽ കുമാർ ആണ് ബീഹാറിൻ്റെ ടോപ്പ് സ്കോറർ. മറ്റ് ഒരു താരത്തിനും മികച്ച പ്രകടനം നടത്താനായില്ല.

Read Also : ദേവ്ദത്തിനു സെഞ്ചുറി; കേരളത്തെ 9 വിക്കറ്റിനു തോല്പിച്ച് കർണാടക

കർണാടകക്കെതിരായ അവസാന മത്സരം പരാജയപ്പെട്ടതോടെ ഈ മത്സരത്തിൽ ഉയർന്ന റൺ നിരക്കിൽ ജയിച്ചാൽ മാത്രമേ കേരളത്തിന് അടുത്ത റൗണ്ടിൽ പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ആദ്യ പന്ത് മുതൽ കേരളം ആക്രമിച്ച് കളിച്ചു. വിഷ്ണു വിനോദും ഉത്തപ്പയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 4.5 ഓവറിൽ 76 റൺസാണ് കൂട്ടിച്ചേർത്തത്. 12 പന്തിൽ 37 റൺസെടുത്ത് വിഷ്ണു പുറത്തായി. എന്നാൽ, ഉത്തപ്പ (32 പന്തിൽ 87), സഞ്ജു സാംസൺ (9 പന്തിൽ 24) എന്നിവർ ചേർന്ന് 8.5 ഓവറിൽ കേരളത്തെ വിജയത്തിലെത്തിക്കുകയായിരുന്നു.

അതേസമയം, ഈ വിജയവും കേരളത്തിന് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം നൽകിയേക്കില്ല. ഉത്തർപ്രദേശ് ഒഡീഷക്കെതിരെ 30 ഓവറിനുള്ളിൽ ജയിച്ചാലോ കർണാടക റെയിൽവേയ്സിനെതിരെ വിജയിച്ചാലോ കേരളത്തിൻ്റെ സാധ്യതകൾ അവസാനിക്കുമായിരുന്നു. യുപി ഒഡീഷക്കെതിരെ 21.4 ഓവറിൽ വിജയിച്ചപ്പോൾ കർണാടക റെയിൽവേസിനെതിരെ ജയത്തിലേക്ക് കുതിക്കുകയാണ്. 30 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 201 എന്ന നിലയിലാണ് കർണാടക. 285 ആണ് അവരുടെ വിജയലക്ഷ്യം.

Story Highlights – kerala won against bihar in vijay hazare

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here