നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി ആവശ്യപ്പെട്ടുള്ള കത്ത് ഇന്ന് സുപ്രിംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി വേണം എന്ന് ആവശ്യപ്പെട്ട് ജഡ്ജി നല്‍കിയ കത്ത് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേനയാണ് ജഡ്ജി സുപ്രിംകോടതിക്ക് കത്ത് നല്‍കിയത്. ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് 2019 ല്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കൊവിഡ് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജഡ്ജി സുപ്രിംകോടതിയെ സമീപിച്ചു. 2021 ഫെബ്രുവരിയോടെ വിചാരണ പൂര്‍ത്തിയാക്കുമെന്ന് അന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ആറു മാസം കാലാവധി നീട്ടി നല്‍കിയിരുന്നു.

എന്നാല്‍, ഈ മാസത്തോടെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും ജഡ്ജി സുപ്രിംകോടതിയെ സമീപിച്ച് ആറു മാസത്തെ സമയം ചോദിച്ചിരിക്കുന്നത്. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെയും പിന്നീട് ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രിംകോടതിയെയും ഹര്‍ജിയുമായി സമീപിച്ചിരുന്നു. ഇത് വിചാരണ നീളാന്‍ കാരണമായതായി കത്തില്‍ പറയുന്നു.

Story Highlights – actress attack case – Supreme Court – trial

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top