സെക്കൻഡ് ഷോ പ്രതിസന്ധി; മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച എത്തില്ല

സെക്കൻഡ് ഷോ പ്രതിസന്ധി കണക്കിലെടുത്ത് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് റിലീസ് മാറ്റി. മാർച്ച് 4 ന് റിലീസ് നിശ്ചയിച്ചിരുന്ന ദി പ്രീസ്റ്റ് മാറ്റിവെക്കുകയാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു.മറ്റ് രാജ്യങ്ങളിൽ തിയറ്ററുകൾ അടഞ്ഞു കിടക്കുന്നതും കേരളത്തിൽ ഇപ്പോഴും നാല് ഷോകൾ നടത്താൻ അനുമതി ലഭിക്കാത്തതും മൂലമാണ് റിലീസ് മാറ്റാൻ നിർബന്ധിതരായതെന്ന് നിർമാതാക്കളായ ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ.ഡി ഇലുമിനേഷൻസും അറിയിച്ചു.
കൊവിഡിന് മുൻപ് 80 % ചിത്രീകരണം പൂർത്തിയാക്കിയിരുന്നു ചിത്രം ഫെബ്രുവരി 4 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ സെക്കൻഡ് ഷോ അനുവദിക്കാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്ന നിർമ്മാതാക്കളുടെ തീരുമാനം വന്നതോടെ മാർച്ച് 4 ലേക്ക് മാറ്റുകയായിരുന്നു. ഈ മാസം ആദ്യം സെക്കൻഡ് ഷോ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറപ്രവർത്തകർ. അതുണ്ടാവാത്ത സാഹചര്യത്തിലാണ് ദി പ്രീസ്റ്റിന്റെ റിലീസ് വീണ്ടും മാറ്റിയത്. സാഹചര്യം മാറുന്നതിനനുസരിച്ച് മാത്രമേ പുതിയ തീയതി പ്രഖ്യാപിക്കുകയുള്ളു.
മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിച്ചെത്തുന്ന ത്രില്ലർ ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, വെങ്കിടേഷ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Story Highlights – Mammootty Starrer The Priest’ Postponed, Director Jofin T Chacko Reveals The Reason
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here