പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദനായി മുരളി ഗോപി; വൺ ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി

മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനെന്ന കഥാപാത്രമായി എത്തുന്ന ‘വൺ’ എന്ന ചിത്രത്തിൽ പ്രതിപക്ഷ നേതാവായി മുരളി ഗോപി. മാരമ്പള്ളി ജയാനന്ദൻ എന്ന രാഷ്ട്രീയ നേതാവിനെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്. കൗശലക്കാരനും , കാർക്കശ്യക്കാരനുമായ പ്രതിപക്ഷ നേതാവിന്റെ റോളിലാണ് ചിത്രത്തിൽ മുരളിഗോപി എത്തുന്നത്. മുരളി ഗോപിയുടെ ജന്മദിനത്തിൽ മമ്മൂട്ടിയാണ് വൺ സിനിമയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. പൊളിറ്റിക്കൽ സ്വഭാവമുള്ള വൺ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. തിരക്കഥ ബോബി – സഞ്ജയ്. ദൃശ്യം 2 വിൽ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രം ഏറെ ചർച്ചയായിരുന്നു.
കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയ നേതാവുമായി സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകൻ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.
ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത്,ജോജൂ ജോർജ്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങി വൻ താരനിരയും അണിനിരക്കുന്നുണ്ട്.
Story Highlights – .Murali Gopy character poster ONE Movie