പെരിയ ഇരട്ടക്കൊലപാതകം: സിബിഐ സംഘം സിപിഐഎം ബ്രാഞ്ച് കമ്മിറ്റി രേഖകള്‍ കസ്റ്റഡിയിലെടുത്തു

പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം സിപിഐഎം ബ്രാഞ്ച് കമ്മറ്റി രേഖകള്‍ കസ്റ്റഡിയിലെടുത്തു. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റിയുടെ മിനുട്‌സ് അടക്കമുള്ള രേഖകളാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നതിന് മുന്‍പ് കേസിലെ മുഖ്യ പ്രതിയായ പീതാംബരനും സംഘവും ഏച്ചിലടുക്കം ബ്രാഞ്ച് ഓഫീസില്‍ ഗൂഢാലോചന നടത്തിയെന്ന വിവരമുണ്ടായിരുന്നു. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസിന്റ ഈ കണ്ടെത്തല്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം വിശദമായി അന്വേഷിച്ചിരുന്നില്ല. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് സിപിഐഎം ബ്രാഞ്ച് ഓഫീസിലെ മിനുട്‌സും മറ്റ് രേഖകളും സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്.

കൊലപാതകം നടന്ന ദിവസത്തെ ബ്രാഞ്ച് യോഗത്തിന്റ വിശദാംശങ്ങള്‍ മിനുട്‌സില്‍ നിന്നും ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്റ കണക്കുകൂട്ടല്‍. ഫോണ്‍ വിളികളെ കേന്ദ്രീകരിച്ച പരിശോധനയില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി രേഖകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള തീരുമാനം. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിരുന്നുവെന്ന ആക്ഷേപമാണ് കൃപേഷിന്റയും ശരത് ലാലിന്റയും കുടുംബങ്ങള്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളിലൂടെ ഗൂഢാലോചന തെളിയിക്കാന്‍ ഉതകുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Story Highlights – periya murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top