Advertisement

സ്ഥാനാർത്ഥികൾക്കുള്ള രണ്ടുടേം നിബന്ധനയിൽ ഇളവില്ല; ജില്ലാ സെക്രട്ടേറിയറ്റുകളിൽ ആവർത്തിച്ച് സംസ്ഥാന നേതൃത്വം

March 6, 2021
Google News 2 minutes Read
LDF mass protest today

സ്ഥാനാർത്ഥികൾക്കുള്ള രണ്ടുടേം നിബന്ധനയിൽ ഇളവില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റുകളിൽ ആവർത്തിച്ച് സംസ്ഥാന നേതൃത്വം. മന്ത്രിമാരായ ജി.സുധാകരനേയും തോമസ് ഐസക്കിനേയും വീണ്ടും മത്സരിപ്പിക്കണമെന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം തള്ളി. ഗുരുവായൂരിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ ബേബി ജോണിനു പകരം എൻ.കെ.അക്ബറെ സ്ഥാനാർത്ഥിയാക്കാനും തീരുമാനമായി.

രണ്ടുടേം നിബന്ധന സംസ്ഥാനതലത്തിലുള്ള നയമാണെന്നും ആർക്കും ഇളവുനൽകാനാവില്ലെന്നും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വ്യക്തമാക്കി. മാറ്റങ്ങളില്ലാതെ സ്ഥാനാർഥിപട്ടിക യോഗം അംഗീകരിക്കുകയും ചെയ്തു. രണ്ടു ടേം നിബന്ധന പാർട്ടിക്കുളളിൽ എതിർപ്പില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു. പാർട്ടി തീരുമാനത്തിന് കൂടുതൽ പിന്തുണ ലഭിക്കും. ചില നേതാക്കൾക്ക് വേണ്ടിയുളള പോസ്റ്റർ പ്രചാരണങ്ങൾക്ക് പിന്നിൽ എതിരാളികളാവുമെന്നും അദ്ദേഹം ആരോപിച്ചു.

ചാവക്കാട് ഏരിയാ സെക്രട്ടറിയും മുൻ മുനിസിപ്പൽ ചെയർമാനുമായ എൻ.കെ.അക്ബറിനെ ഗുരുവായൂർ സ്ഥാനാർഥിയായി തൃശൂർ ജില്ലാസെക്രട്ടേറിയറ്റ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതി സെക്രട്ടേറിയറ്റംഗം ബേബി ജോണിന്റെ പേരുൾപ്പെടെ ജില്ലാ സെക്രട്ടേറിയറ്റിന് വിടുകയായിരുന്നു. ചേലക്കരയിൽ കേന്ദ്രകമ്മിറ്റിയംഗം കെ.രാധാകൃഷ്ണനാണ് സ്ഥാനാർഥി. ചാലക്കുടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകും. ഇരിങ്ങാലക്കുടയിൽ എ.വിജയരാഘവന്റെ ഭാര്യ ആർ.ബിന്ദു തന്നെയാണ് സ്ഥാനാർഥി. ദേവികുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് അറിഞ്ഞ ശേഷം തീരുമാനം മതിയെന്നാണ് ഇടുക്കി ജില്ല സെക്രട്ടറിയേറ്റിന്റെ നിലപാട്. ആർ. ഈശ്വരൻ, അഡ്വ. എ രാജ എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്. സംസ്ഥാന സമിതി നിർദ്ദേശത്തിന് എതിർപ്പുകളില്ലാതെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം നൽകി. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ തന്നെ മൽസരിക്കണമെന്നും യോഗം നിർദേശിച്ചു. ചവറയിൽ ഡോ. സുജിത് വിജയൻ പാർട്ടി ചിഹ്നത്തിൽ മൽസരിക്കണോ സ്വതന്ത്രനായി മൽസരിക്കണോ എന്ന കാര്യത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിട്ടു.

Story Highlights – no relaxation in two term agreement says cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here