നിങ്ങൾ, നിങ്ങളുടെ ഡ്യൂട്ടി ചെയ്യൂ , പുറത്തുള്ള കാര്യങ്ങളിൽ ഇടപെടേണ്ട ; തപ്‌സിയുടെ കാമുകനെതിരെ കേന്ദ്ര കായികമന്ത്രി

ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ഭരണ കൂടത്തിനെതിരെ ശബ്‌ദിക്കുന്നവരെ അധികാരങ്ങൾ ഉപയോഗിച്ച് വേട്ടയാടുന്നതിൽ പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. സംഭവത്തിൽ തപ്‌സി പന്നുവിന്റെ കാമുകനും ഇന്ത്യൻ ബാഡ്മിന്റൺ കോച്ചുമായ മാതിയാസ്‌ ബോ പ്രതികരിച്ചിരിക്കുന്നു.

”ഒരു ചെറിയ കുഴപ്പത്തിൽ പെട്ടിരിക്കുകയാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ചില മികച്ച അത്‌ലറ്റുകളുടെ പരിശീലകനെന്ന നിലയിൽ ഞാൻ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ്. അതേ സമയം നാട്ടിൽ ഐടി വകുപ്പ് തപ്‌സിയുടെ വീട് റെയ്ഡ് ചെയ്യുന്നു. അത് അവളുടെ കുടുംബത്തെ പ്രത്യേകിച്ച് അവളുടെ മാതാപിതാക്കളിലും അനാവശ്യമായ സമ്മർദ്ദം പുലർത്തുകയാണ്”. – മാതിയാസ്‌ ട്വീറ്റ് ചെയ്യുന്നു . ഒപ്പം കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനെ മെൻഷൻ ചെയ്ത അദ്ദേഹം ദയവായി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നും അപേക്ഷിച്ചു. മുൻ ഡാനിഷ് ബാഡ്മിന്റൺ താരമായ ‌മാതിയാസ് നിലവിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾക്കൊപ്പം സ്വിസ് ഓപണിന്റെ ഭാഗമായി സ്വിറ്റ്‌സർലാൻഡിലാണ്.

വൈകാതെ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെ മറുപടിയുമെത്തി ” ദേശത്തിന്റെ നയം പരമോന്നതമാണ്. നാം അത് പാലിച്ചിരിക്കണം. വിഷയം എന്റെയും നിങ്ങളുടെയും പ്രവർത്തനത്തിന് പുറത്തുള്ളതാണ്. ഇന്ത്യൻ കായിക മേഖലയുടെ നല്ലതിനായി നമ്മുക്ക് നമ്മുടെ പ്രൊഫഷണൽ ചുമതലകളിൽ ഉറച്ചു നിൽക്കാം.” എന്നായിരുന്നു അദ്ദേഹം മാതിയാസ്‌‌ ബോയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചത്.

തപ്‌സിയെ കൂടാതെ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെയും വീട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന ഇരുവരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ ബോളിവുഡിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാണ്.

Story Highlights – Taapsee’s boyfriend tweets to Kiren Rijiju for help after IT raids

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top