ബാഴ്സലോണ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനിച്ചു; ലപോർട്ടയ്ക്ക് രണ്ടാമൂഴം

Barcelona Laporta president club

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പ്രസിഡൻ്റായി യുവാൻ ലപോർട്ട തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് സ്പാനിഷ് വമ്പന്മാരുടെ തലപ്പത്തേക്ക് ലപോർട്ട തെരഞ്ഞെടുക്കപ്പെടുന്നത്. എതിരാളികളായ വിക്ടർ ഫ്രണ്ട്, ടോണി ഫ്രെയ്ക്സ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ലപോർട്ടയ്ക്ക് വീണ്ടും നറുക്കുവീണത്.

ലപോർട്ട 30,184 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ 16,679 വോട്ടുകളുമായി വിക്ടർ ഫ്രണ്ട് രണ്ടാമതും 4769 വോട്ടുകളുമായി ഫ്രെയ്ക്സ മൂന്നാമതും എത്തി. ആകെയുള്ള 1,09,531 അംഗങ്ങളിൽ 51,765 പേർ വോട്ട് ചെയ്തതായി ക്ലബ് അറിയിച്ചു.

“വോട്ട് ചെയ്യാനെത്തിയ എല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു. നമ്മുടെ ജീവിതം മാറ്റിമറിച്ച കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടന്നതുകൊണ്ട് തന്നെ ഇത് ക്ലബ് ചരിത്രത്തിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണ്. ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഇത് ബാഴ്സലോണയുടെയും ജനാധിപത്യത്തിൻ്റെയും ആഘോഷമാണ്. യൊഹാൻ ക്രൈഫിന് ഞാൻ പ്രത്യേകം നന്ദി അറിയിക്കുന്നു. അദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല.”- ലപോർട്ട പറഞ്ഞു.

ഏറെ നിർണായകമായ സമയത്താണ് ലപോർട്ട ക്ലബ് പ്രസിഡൻ്റാവുന്നത്. സാമ്പത്തികമായി ക്ലബ് പ്രതിസന്ധി നേരിടുകയാണ്. ഒപ്പം, മുൻ പ്രസിഡൻ്റ് ബാർതോമ്യുവും ലയണൽ മെസിയും തമ്മിലുള്ള പ്രശ്നങ്ങളും ലപോർട്ടയ്ക്ക് പരിഹരിക്കേണ്ടതുണ്ട്. ക്ലബ് വിടാനുള്ള മെസിയുടെ തീരുമാനവും ലപോർട്ടയ്ക്ക് നേരിടേണ്ട പ്രശ്നമാണ്.

2003 മുതൽ 2010 വരെയുള്ള കാലയളവിലാണ് മുൻപ് ലപോർട്ട ക്ലബ് പ്രസിഡൻ്റ് ആയിരുന്നത്. ആ സമയത്ത് രണ്ട് ചാമ്പ്യൻസ് ലീഗ് ടൈറ്റിലുകൾ ക്ലബ് നേടി. ബാഴ്സലോണയുടെ ചരിത്രത്തിൽ ഏറ്റവും മികച്ച പരിശീലകനായ പെപ് ഗ്വാർഡിയോള സ്ഥാനമേൽക്കുന്നതും ഈ സമയത്താണ്.

Story Highlights – Barcelona elect Laporta as president for second time in club history

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top