സംസ്ഥാനത്ത് ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ ആകെ 10,19,525 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. 48,960 ഡോസ് വാക്സിനുകള്‍ കൂടി സംസ്ഥാനത്ത് പുതിയതായി എത്തിയിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കോ വാക്സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്സിനുകളുമാണ് എത്തിയത്. ഇതുകൂടാതെ കൂടുതല്‍ ഡോസ് വാക്സിനുകള്‍ അടുത്ത ദിവസങ്ങളില്‍ എത്തിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ സാധ്യമാകുന്നതാണ്.

സംസ്ഥാനത്ത് ഇതുവരെ 3,65,942 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 1,86,421 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 98,287 മുന്നണി പോരാളികള്‍ക്കും 2,15,297 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 1,53,578 അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്.

കൊവിന്‍ വൈബ് സൈറ്റിലോ (https://www.cowin.gov.in) ആശുപത്രിയില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. മുന്‍ഗണനാക്രമമനുസരിച്ച് എല്ലാവര്‍ക്കും തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും വാക്സിന്‍ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലായി 1000ത്തോളം കേന്ദ്രങ്ങളില്‍ വാക്സിന്‍ നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാക്കും. വാക്സിന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതാണ്.

Story Highlights – More than 10 lakh people received covid vaccine in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top