ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സതാംപ്ടണിൽ; വെളിപ്പെടുത്തി സൗരവ് ഗാംഗുലി

Ganguly Southampton WTC final

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കും. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. ഇന്ത്യ ടുഡേയോടാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.

“അതെ, അത് സതാംപ്ടണിലാണ്. വളരെ മുൻപ് തന്നെ തീരുമാനിക്കപ്പെട്ടതാണത്. അവിടെ സ്റ്റേഡിയത്തോട് വളരെ അടുത്താണ് ഹോട്ടൽ. കൊവിഡിനു ശേഷം ഇംഗ്ലണ്ട് മത്സരങ്ങൾ ആരംഭിച്ചപ്പോൾ ഇതേ കാരണം കൊണ്ട് തന്നെ അവർ സതാംപ്ടണിൽ ഒരുപാട് മത്സരങ്ങൾ നടത്തിയിരുന്നു. എല്ലാ ട്രോഫികൾക്കും അതിൻ്റേതായ മൂല്യമുണ്ട്. 50 ഓവർ ലോകകപ്പ് മികച്ച ഒരു നേട്ടമായിരുന്നു. കൊവിഡ് കാരണം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അല്പം സങ്കീർണമായി. താരങ്ങൾക്കാണ് എല്ലാ ക്രെഡിറ്റും. സെപ്തംബറിലെ ഐപിഎൽ മുതൽ മാർച്ച് വരെ. ഇനിയും അവസാനിച്ചിട്ടില്ല. 6 മാസത്തെ ബയോ ബബിളിനുള്ളിൽ കഴിഞ്ഞ് സ്വന്തമാക്കിയത് അവിസ്മരണീയ നേട്ടമാണ്.”- ഗാംഗുലി പറഞ്ഞു.

Read Also : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ലോർഡ്സ് പുറത്ത്; സാധ്യത സതാംപ്ടണിന്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയത്. ആദ്യ മത്സരം പരാജയപ്പെട്ടിട്ടാണ് ഇന്ത്യ ഉജ്ജ്വലമായി തിരികെ എത്തിയത്. അവസാന മത്സരത്തിൽ ഇന്നിംഗ്സിനും 25 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 205 റൺസിന് ഓളൗട്ടായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 135 റൺസിന് ഓളൗട്ടായി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 365 റൺസാണ് എടുത്തത്. ഇന്ത്യക്ക് വേണ്ടി രണ്ട് ഇന്നിംഗ്സുകളിലുമായി അക്സർ പട്ടേൽ 9ഉം ആർ അശ്വിൻ 8ഉം വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി ബാറ്റിംഗിൽ ഋഷഭ് പന്ത് (101), വാഷിംഗ്ടൺ സുന്ദർ (96*), രോഹിത് ശർമ്മ (49), അക്സർ പട്ടേൽ (43) എന്നിവരാണ് തിളങ്ങിയത്.

Story Highlights – Sourav Ganguly confirms Southampton as venue for ICC WTC final

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top