അന്ന് മീനാക്ഷി അടക്കമുള്ള സ്ത്രീകൾ കാണിച്ച ധീരതയ്ക്ക് പിന്നീടുള്ള തലമുറയിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ വിലയുണ്ടായിരുന്നു

വർഷങ്ങൾക്ക് മുൻപുള്ള ഒരു മാർച്ച് മാസം…കൃത്യമായി പറഞ്ഞാൽ 1956 കുംഭത്തിലെ ഭരണി…അന്നാണ് തൃശൂരിലെ മണിമലർകാവ് ദേവീ ക്ഷേത്രത്തിൽ വലിയ കുതിര വേല നടക്കുന്നത്…ഉത്സവത്തിന്റെ ആവേശമോ ആനന്ദമോ ഇല്ലാതെ ആശങ്ക നിഴലിക്കുന്ന കണ്ണുകളുമായി 22 സ്ത്രീകൾ അന്ന് ആ ക്ഷേത്രത്തിൽ നിൽക്കുന്നുണ്ടായിരുന്നു…അക്കൂട്ടത്തിൽ മീനാക്ഷി വെള്ളറോട്ടിൽ എന്ന 17 കാരിയുമുണ്ടായിരുന്നു…ക്ഷേത്രത്തിൽ ധർശനത്തിനെത്തിയ മറ്റ് സ്ത്രീ ഭക്തരിൽ നിന്ന് ഈ 22 പേരും വേറിട്ട് നിന്നു…മറ്റ് ഭക്തർ ഇവരെ അപൂർവ വസ്തുവെന്ന കണക്കെ നോക്കുന്നുണ്ടായരിന്നു…ചില സ്ത്രീകൾക്കാകട്ടെ ഇവരെ കണ്ട് ലജ്ജ തോന്നി… ഭീതിക്കും, ആശങ്കകൾക്കും മീതെ ആത്മാഭിമാനം എന്നൊരു വികാരം അവരിൽ മുന്നിട്ട് നിന്നു… ഒരു ചരിത്ര മുഹൂർത്തത്തിനാണ് തങ്ങൾ തുടക്കം കുറിക്കുക എന്ന് ആ 22 പേർക്കും കൃത്യമായ ധാരണയുണ്ടായിരുന്നു. വേലൂരിൽ ആദ്യമായി മാറ് മറച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാനൊരുങ്ങിയ സ്ത്രീകളായിരുന്നു അവർ…!
അന്നുവരെ ക്ഷേത്രത്തിൽ താലമെടുക്കുന്ന സ്ത്രീകൾ മാറ് മറയ്ക്കുകയോ ബ്ലൗസ് ധരിക്കുകയോ ചെയ്തിരുന്നില്ല. ഈ സ്ത്രീ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ അനാചാരത്തിന് തടയിടാൻ അങ്ങനെ സ്ത്രീകൾ അണിനിരന്നു…ഇന്ന് 83 വയസുള്ള മീനാക്ഷിയും അക്കൂട്ടത്തിലുണ്ടായിരുന്നു. സമരത്തിൽ പങ്കെടുത്ത, ഇന്നും ജീവിച്ചിരിക്കുന്ന അപൂർവം പേരിൽ ഒരാളാണ് മീനാക്ഷി.
‘ഞങ്ങൾക്ക് സംരക്ഷണമൊരുക്കാൻ അന്ന് പൊലീസ് വന്നിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളാണ് ഞങ്ങളെ നയിച്ചത്. ആദ്യം ക്ഷേത്രത്തിലേക്ക് കയറാൻ ക്ഷേത്ര കമ്മിറ്റി സമ്മതിച്ചിരുന്നില്ല. നായർ, നമ്പൂതിരി വിഭാഗക്കാർ മാത്രം ഉൾപ്പെട്ടിരുന്നതായിരുന്നു ക്ഷേത്ര കമ്മിറ്റി. അവർ താഴ്ന്ന ജാതിക്കാരെ അടിമകളായാണ് കണ്ടിരുന്നത്. കമ്യൂണിസ്റ്റ് നേതാക്കൾ വീടുകൾ തോറും കയറിയിറങ്ങി ക്ഷേത്രത്തിൽ ബ്ലൗസ് ധരിച്ച് പോകണമെന്ന് പറഞ്ഞ് ഞങ്ങൾക്ക് ധൈര്യം തന്നു. ഈ അനാചാരത്തിന് പിന്നിലെ അനീതി അവർ കാണിച്ച് തന്നു. പലരും അതിന് ധൈര്യപ്പെട്ടില്ല. എന്നാൽ ക്ഷേത്രത്തിൽ ബ്ലൗസ് ധരിച്ച് പോകാൻ തയാറായ ചുരുക്കം പേരിൽ ഞാനും ഉണ്ടായി’- മീനാക്ഷി പറയുന്നു.

എന്നാൽ വലിയ അനിഷ്ടസംഭവങ്ങളൊന്നും വേലൂരിലെ മാറ് മറയ്ക്കൽ സമരത്തിലുണ്ടായില്ല. ദേവിക്ക് സ്ത്രീകൾ മാറ് മറയ്ക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ് ചിലർ തടുക്കാൻ ശ്രമിച്ചുവെങ്കിലും ഈ തടസങ്ങളൊന്നും ഈ സംഘത്തിന്റെ വീര്യത്തിന് മുന്നിൽ വിലപ്പോയില്ല. സ്ത്രീകളിൽ ചിലർ ഭയന്ന് വിറച്ച് താലം താഴെയിട്ട് ഓടിപ്പോയെങ്കിലും മീനക്ഷി ഉൾപ്പെടെയുള്ള ഒരു സംഘം മാറ് മറച്ചുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുക തന്നെ ചെയ്തു. അന്നത്തെ ആ ധൈര്യത്തിനും ചെറുത്തുനിൽപ്പിനും പിന്നീടുള്ള തലമുറയിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ വിലയുണ്ടായിരുന്നുവെന്ന് ചരിത്രം അടിയാളപ്പെടുത്തുന്നു…
Story Highlights – These Kerala women changed history by wearing blouses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here