റോഡ് സേഫ്റ്റി വേൾഡ് സീരീസ്: ഇർഫാന്റെയും ഗോണിയുടെയും പോരാട്ടം പാഴായി; ഇന്ത്യ പൊരുതിത്തോറ്റു

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യൻ ലെജൻഡ്സിന് ആദ്യ തോൽവി. ഇംഗ്ലണ്ട് ലെജൻഡ്സ് ആണ് ഇന്ത്യയെ കീഴ്പ്പെടുത്തിയത്. 6 റൺസിനാണ് ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 182 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനായി കെവിൻ പീറ്റേഴ്സൺ 75 റൺസ് നേടി. ഇന്ത്യക്കു വേണ്ടി റൺസെടുത്ത ഇർഫാൻ പത്താൻ ആണ് ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനായി മോണ്ടി പനേസർ 4 ഓവറിൽ വെറും 15 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.
കെവിൻ പീറ്റേഴ്സണിൻ്റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇന്ത്യൻ ബൗളർമാരെ അടിച്ചൊതുക്കിയ പീറ്റേഴ്സൺ 37 പന്തുകൾ മാത്രം നേരിട്ടാണ് 75 റൺസ് നേടിയത്. ഇന്ത്യക്കായി യൂസുഫ് പത്താൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുനാഫ് പട്ടേലും ഇർഫാൻ പത്താനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ രണ്ടാം ഓവറിൽ തന്നെ സെവാഗിനെ നഷ്ടമായ ഇന്ത്യക്ക് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. സെവാഗ് (6), സച്ചിൻ (9), കൈഫ് (1), ബദരിനാഥ് (8) എന്നിവർ വേഗം പുറത്തായി. യുവരാജ് സിംഗ് (20) രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല. യൂസുഫ് പത്താൻ (17), നമൻ ഓജ (12) എന്നിവരെയും നഷ്ടമായതിനു പിന്നാലെ മൻപ്രീത് ഗോണി ചില കൂറ്റൻ സിക്സറുകൾ ഉതിർത്ത് ഇർഫാനൊപ്പം ചേർന്നു. ഇതിനിടെ 30 പന്തുകളിൽ ഇർഫാൻ ഫിഫ്റ്റിയടിച്ചു. അവസാന ഘട്ടത്തിൽ ചില കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞ ഗോണി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. അവസാന ഓവറിൽ 19 റൺസായിരുന്നു വിജയലക്ഷ്യം. റയാൻ സൈഡ്ബോട്ടം എറിഞ്ഞ ആ ഓവറിൽ ഇന്ത്യക്ക് 12 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇർഫാൻ പത്താൻ (61), മൻപ്രീത് ഗോണി (35) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – india legends lost to england legends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here