ജസ്‌ന തിരോധാനക്കേസ് സിബിഐ ഏറ്റെടുത്തു; ജസ്‌നയെ തട്ടിക്കൊണ്ടുപോയെന്ന വിലയിരുത്തലില്‍ സിബിഐ

ജസ്‌ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി എഫ്‌ഐആറില്‍ പറയുന്നു.

2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെ കാണാതായത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടോമിന്‍ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

ഇതേ തുടര്‍ന്നാണ് ജസ്‌നയുടെ സഹോദരനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുകയും സിബിഐ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണ് സിബിഐയുടെ എഫ്‌ഐആറിലുള്ളത്. കെ.ജി. സൈമണ്‍ പത്തനംതിട്ട എസ്പിയായിരുന്ന സാഹചര്യത്തില്‍ മൂവായിരത്തിലധികം ഫോണ്‍ കോളുകള്‍ അടക്കം പരിശോധിച്ചതിനെ തുടര്‍ന്ന് വിലപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു.

Story Highlights – jesna missing case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top