ചങ്ങനാശേരി സീറ്റ് നഷ്ടപ്പെട്ട സാഹചര്യം അണികളോട് വിശദീകരിക്കുമെന്ന് സിപിഐ

ചങ്ങനാശേരി സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ നീക്കം ആരംഭിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. സീറ്റ് നഷ്ടപ്പെട്ട സാഹചര്യം അണികളോട് വിശദീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ പറഞ്ഞു. എന്നാല്‍ സീറ്റ് നഷ്ടപ്പെട്ടതില്‍ ബുദ്ധിമുട്ടുണ്ടെന്നും ജോസിന്റെ ശക്തിയെക്കുറിച്ച് തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ച ചെയ്യാമെന്നുമാണ് സിപിഐയുടെ പ്രതികരണം.
കോട്ടയം ജില്ലയില്‍ രണ്ടുസീറ്റ് ഉണ്ടായിരുന്ന സിപിഐക്ക് ഇത്തവണ വൈക്കത്ത് മാത്രം ഒതുങ്ങേണ്ടി വന്നു. കിണഞ്ഞ് പരിശ്രമിച്ചെങ്കിലും, കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്ത കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി നേടിയെടുക്കാനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ടു. ഇതില്‍ പാര്‍ട്ടിക്കുണ്ടായ നിരാശ പങ്കുവയ്ക്കുകയാണ് ജില്ലാസെക്രട്ടറി സി. കെ. ശശിധരന്‍. കോട്ടയം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംസ്ഥാന തലത്തില്‍ ആകെ രണ്ട് സീറ്റ് മാത്രമാണ് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണിയെ തള്ളിപ്പറയാന്‍ സിപിഐ കോട്ടയം ജില്ലാ നേതൃത്വം തയാറല്ല. ജില്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് മുന്നണിക്ക് പ്രയോജനം ചെയ്യും. എന്നാല്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചാല്‍ മാത്രം വലിയ പാര്‍ട്ടി ആകില്ല എന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവനയെ എതിര്‍ക്കാനോ അനുകൂലിക്കാനോ സിപിഐ ജില്ലാ സെക്രട്ടറി തയാറാകുന്നില്ല. എല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞു വിലയിരുത്താം എന്നാണ് നിലപാട്.
ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിലും സിപിഐക്ക് ഉള്ള അതൃപ്തി, തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് ഇടതുമുന്നണി. ഇത് മുന്നില്‍ കണ്ടാണ് ജില്ലാ നേതാക്കളെ കൊണ്ട് തന്നെ അണികളെ അനുനയിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം ആരംഭിച്ചത്.
Story Highlights – CPI Changanassery seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here