ഐപിഎൽ ടീം അവലോകനം; ചെന്നൈ സൂപ്പർ കിംഗ്സ്

chennai super kings ipl

രണ്ടും കല്പിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുന്നത്. തങ്ങൾക്ക് വേണ്ടതെന്തെന്ന് കൃത്യമായി മനസ്സിലാക്കിയാണ് ധോണിയും സംഘവും ലേലത്തിൽ ഇടപെട്ടത്. കഴിഞ്ഞ സീസണിലെ തിരിച്ചടി മനസ്സിലാക്കുകയും അതിനനുസരിച്ച് താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്ത ചെന്നൈ ഇക്കൊല്ലവും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്.

ചെന്നൈയുടെ ഏറ്റവും തന്ത്രപരമായ പർച്ചേസ് റോബിൻ ഉത്തപ്പ ആണ്. രാജസ്ഥാൻ റോയൽസിൽ നിന്ന് നേരിട്ട് എത്തിച്ച താരം. വാട്സൺ വിരമിച്ചതിനാൽ ഓപ്പണറായി ഉപയോഗിക്കാവുന്ന പ്ലയർ. ഇന്ത്യൻ താരമായതു കൊണ്ട് തന്നെ ഒരു വിദേശ താരത്തിൻ്റെ സ്ലോട്ട് ഓപ്പൺ ആവുകയാണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് ഓർഡറിൽ താഴേക്കിറക്കി നശിപ്പിച്ചു കളഞ്ഞ ഉത്തപ്പ ഓപ്പണറായാൽ തകർക്കും. ആഭ്യന്തര സീസണിലെ മിന്നും ഫോമും ചെന്നൈക്ക് ഗുണം ചെയ്യും.

കേദാർ ജാദവിനെ ഒഴിവാക്കിയതും ചെന്നൈക്ക് ഗുണമേ ചെയ്യൂ. കരിയറിൻ്റെ അവസാനകാലത്താണ് ജാദവ്. ഫോമിലല്ല. ആഭ്യന്തര മത്സരങ്ങളിൽ ഒറ്റപ്പെട്ട ചില പ്രകടനങ്ങൾ മാറ്റിനിർത്തിയാൽ വട്ടപ്പൂജ്യം.

ലേലത്തിൽ ചെന്നൈ ഇടപെട്ടതും മികച്ച നിലയിലാണ്. മൊയീ‌ൻ അലി യൂട്ടിലിറ്റി ക്രിക്കറ്ററാണ്. വില അല്പം കൂടുതലാണെങ്കിലും ലോവർ ഓർഡറിൽ ധോണിക്കൊപ്പം ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ മൊയീനു കഴിയും. ഫോം ആകുമോ എന്നതാണ് സംശയം. മൊയീൻ്റെ ഐപിഎൽ പ്രകടനങ്ങൾ അത്ര മികച്ചതല്ല. എങ്കിലും ഒരു ടി-20 ക്രിക്കറ്റർ എന്ന ടാഗ് നന്നായി ചേരുന്ന താരമാണ് മൊയീൻ. കൃഷ്ണപ്പ ഗൗതമും മൊയീന്റെ അതേ കാറ്റഗറി തന്നെയാണ്. വില കൂടുതലാണെങ്കിലും മധ്യനിരയെ ശക്തിപ്പെടുത്തൽ എന്ന മാനേജ്മെൻ്റ് തീരുമാനം ആ വിലയെ സാധൂകരിക്കുന്നുണ്ട്. ഐപിഎലിൽ ഭേദപ്പെട്ട പ്രകടനങ്ങളും ഗൗതം കാഴ്ചവച്ചിട്ടുണ്ട്.

ചേതേശ്വർ പൂജാരയെ ബാറ്റിംഗ് കൺസൾട്ടൻ്റ് ആയി ഉപയോഗിക്കുമെന്നാണ് തോന്നുന്നത്. ടി-20യ്ക്ക് വേണ്ട വേഗം പൂജാരയ്ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. ഒന്നോ രണ്ടോ കളികളിൽ അവസരം നൽകിയേക്കാം. പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവില്ല. ഫീൽഡിലും പൂജാര മീഡിയോക്കർ ആണ്. ഹരി നിശാന്ത് ഒരു ഡീസന്റ് പർച്ചേസാണ്. ടോപ്പ് ഓർഡറിലോ മിഡിൽ ഓർഡറിലോ ഉപയോഗിക്കേണ്ടി വരും. ഹരിശങ്കർ റെഡ്ഡി, ഭഗത് വർമ്മ എന്നിവർക്ക് അവസരം ലഭിച്ചേക്കില്ല.

കഴിഞ്ഞ തവണ സ്പാർക്കില്ലെന്ന് ആരോപിച്ച് ധോണി അവഗണിച്ച യുവതാരങ്ങൾ ഇത്തവണ കളിക്കും. പ്രത്യേകിച്ചും ഗെയ്ക്‌വാദ് കിട്ടിയ അവസരം സുന്ദരമായി വിനിയോഗിച്ചു. ഏറെക്കുറെ ഉറപ്പായ ഫൈനൽ ഇലവനാണ്. ലുങ്കി എങ്കിഡിയും ജോഷ് ഹേസൽവുഡും ഒരുമിച്ച് കളിച്ചാൽ ദീപക് ചഹാറും ശർദ്ദുൽ താക്കൂറും ഒരുമിച്ച് കളിക്കില്ല. ഹേസൽവുഡിനൊപ്പം രണ്ട് ഇന്ത്യൻ താരങ്ങൾ കളിക്കുക എന്നതാവും നയം. ഹേസൽവുഡും രണ്ടിൽ ഒരാളും മൂന്നാം പേസറായി സാം കറനും എന്നതും സാധ്യതയാണ്. ഇമ്രാൻ താഹിറിനും മിച്ചൽ സാൻ്റ്നറിനും അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം. ഗൗതം ടീമിലെത്തിയതിനാൽ ആ കോമ്പിനേഷനാവും ടീം സ്വീകരിക്കുക. ഋതുരാജിനൊപ്പം ഡുപ്ലെസിയോ ഉത്തപ്പയോ? ഉത്തപ്പ ഓപ്പൺ ചെയ്താൽ ഡുപ്ലെസി ഏത് നമ്പറിൽ കളിക്കും? അതോ റായുഡുവിനെ ഋതുരാജിനൊപ്പം ഓപ്പൺ ചെയ്യാൻ അനുവദിക്കുമോ? ഇനി അതല്ല, സാം കറന് നറുക്ക് വീഴുമോ? ഓപ്പണിംഗിലെ ചോദ്യങ്ങൾ മാറ്റിനിർത്തിയാൽ മറ്റ് കൺഫ്യൂഷൻ ഇല്ല. എങ്കിലും ഇമ്രാൻ താഹിർ, മൊയീൻ അലി, മിച്ചൽ സാൻ്റ്നർ, ലുങ്കി എങ്കിഡി എന്നീ വിദേശ താരങ്ങളിൽ ചിലർക്ക് ഏറെ അവസരങ്ങൾ ലഭിക്കില്ല.

ആദ്യ മത്സരങ്ങളിലെ സാധ്യതാ ഇലവൻ.

റോബിൻ ഉത്തപ്പ/ഫാഫ് ഡുപ്ലെസി
ഋതുരാജ് ഗെയ്ക്‌വാദ്
അമ്പാട്ടി റായുഡു
സുരേഷ് റെയ്ന
എംഎസ് ധോണി
സാം കറൻ/മൊയീൻ അലി
രവീന്ദ്ര ജഡേജ
ഡ്വെയിൻ ബ്രാവോ
കൃഷ്ണപ്പ ഗൗതം
ദീപക് ചഹാർ/ശർദ്ദുൽ താക്കൂർ
ജോഷ് ഹേസൽവുഡ്

Story Highlights – chennai super kings ipl team analysis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top