സന്ദീപ് നായരുടെ പരാതി; കോടതിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരണം നല്‍കും

sandeep nair about gold smuggling process

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയില്‍ കോടതിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരണം നല്‍കും. ഈ മാസം 26ന് വിശദീകരണം നല്‍കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. സന്ദീപ് നായരുടെ പരാതിയില്‍ ഇ ഡിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്നും ഇ ഡി. സന്ദീപിന്റെ പരാതിയില്‍ കോടതി ഇ ഡിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്കാണ് കത്തയച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഒരു ഉന്നതന്റെ മകന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചതായി കത്തില്‍ പറയുന്നു. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും കത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പറയാതിരുന്നാല്‍ ഉറങ്ങാന്‍ പോലും സമ്മതിക്കില്ലെന്നും സന്ദീപ് നായര്‍ പറഞ്ഞു.

ഇവരുടെ പേര് പറഞ്ഞില്ലെങ്കില്‍ എന്നും ജയിലില്‍ കഴിയേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തില്‍ പറയുന്നുണ്ട്. അന്വേഷണം വഴിതെറ്റിക്കാനാണ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തിലെ പണം നിക്ഷേപിച്ചവരെക്കുറിച്ച് അന്വേഷിച്ചില്ല. പകരം മുഖ്യമന്ത്രിയെയും സര്‍ക്കാരിന്റെയും കുറ്റം കണ്ടെത്താനാണ് ശ്രമിച്ചത്. ഇല്ലാ കഥകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും സന്ദീപ് നായര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top