കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പാർട്ടി മത്സരിക്കുന്ന 91 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളുടെ പ്രഖ്യാപനമാകും നടത്തുക എന്ന് കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ അറിയിച്ചു.
അഞ്ച് ദിവസത്തോളമായി ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് വെളിച്ചം കാണും. പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് അവർ തന്നെ അവകാശപ്പെട്ട നേമത്ത് കെ. മുരളീധരനാകും സ്ഥാനാർത്ഥി. അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ലോക്സഭാ അംഗത്വം രാജിവയ്ക്കാതെയാകും മുരളീധരൻ നേമത്ത് സ്ഥാനാർത്ഥി കുപ്പായം ഇടുക. ഉമ്മൻചാണ്ടി പതിവ് പോലെ പുതുപ്പള്ളിയിൽത്തന്നെ മത്സരത്തിനിറങ്ങും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും ആകും മത്സരിക്കുക. എം.പിമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം. ആ തീരുമാനത്തിൽ കെ. മുരളീധരന് മാത്രം പ്രത്യേക ഇളവ് നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. നേമത്ത് ഉമ്മൻ ചാണ്ടിയുടെ പേരിനായിരുന്നു പ്രഥമ പരിഗണന. ശശി തരൂർ എം.പിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും മത്സര സന്നദ്ധനായില്ല. തുടർന്നാണ് കെ. മുരളീധരനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്.
Story Highlights – congress candidate list, assembly election 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here