ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി

ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി വ്യാപിപ്പിക്കും.

കൊവിഡ് പശ്ചാത്തലത്തിലാണ് ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷകൾ ഒഴിവാക്കുന്നത്. കുട്ടികൾ ഒരുമിച്ച് സ്‌കൂളുകളിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് 30 ലക്ഷത്തോളം കുട്ടികൾക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികവുമാണ്. അതിനാൽ നിരന്തര മൂല്യനിർണയം ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകാനാണ് തീരുമാനം. ഇതോടൊപ്പം ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകിയ പ്രോജക്ടുകളും പരിഗണിക്കും. കൂടാതെ വർക്ക് ഷീറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകും. സർവ ശിക്ഷാ കേരള തയാറാക്കിയ വർക്ക് ഷീറ്റുകൾക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി. ഇത് വിദ്യാർത്ഥികൾക്ക് നൽകുകയും തിരികെ വാങ്ങി വിലയിരുത്തുകയും ചെയ്യും. നിലവിൽ എട്ടാം ക്ലാസ് വരെ കുട്ടികളെ തോൽപ്പിക്കുന്നില്ല. ഇത് ഈ വർഷം ഒൻപതാം ക്ലാസിൽ കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്താനും തീരുമാനിച്ചു. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല.

Story Highlights – Exam, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top